'മോദിജിക്കുള്ള സമ്മാനം യാത്രയെ അതിജീവിച്ചില്ല!'; ഉരുകിപ്പോയ 'ഇന്ത്യ ഗേറ്റ്' ചോക്ലേറ്റിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ബെൽജിയം
ബെൽജിയം പ്രധാനമന്ത്രി ബാർട് ഡി വെവർ ഇന്ത്യൻ സന്ദർശനവേളയിൽ നരേന്ദ്ര മോദിക്കായി കരുതിയ 'ഇന്ത്യ ഗേറ്റ്'ന്‍റെ രൂപത്തിൽ നിർമിച്ച ചോക്ലേറ്റ് വഴിമധ്യേ ഉരുകി പോയിരുന്നു. എന്നാൽ ആ മനോഹരമായ സമ്മാനം അടുത്ത തവണ എങ്ങനെയെങ്കിലും അദ്ദേഹത്തിന് മുന്നിലെത്തിക്കുമെന്ന് ബെൽജിയൻ എംബസി വ്യക്തമാക്കി. ബെൽജിയൻ ചോക്ലേറ്റിൽ അതിമനോഹരമായി നിർമിച്ച ഈ പ്രത്യേക ശിൽപ്പത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് എംബസി ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങൾക്ക് പുതിയൊരു മധുരം പകരാൻ ലക്ഷ്യമിട്ടായിരുന്നു ഈ സ്നേഹോപഹാരം തയാറാക്കിയത്.
കഴിഞ്ഞ വ്യാഴാഴ്ച ദില്ലിയിലെ ഹൈദരാബാദ് ഹൗസിൽ വെച്ച് നടന്ന കൂടിക്കാഴ്ചക്കിടെയുണ്ടായ രസകരമായ അനുഭവം ബെൽജിയം പ്രധാനമന്ത്രി സംയുക്ത വാർത്താസമ്മേളനത്തിൽ പങ്കുവെച്ചിരുന്നു. നരേന്ദ്ര മോദിക്ക് സമ്മാനിക്കാൻ ബെൽജിയത്തിലെ ഏറ്റവും മികച്ച ചോക്ലേറ്റുകൾ കൊണ്ട് നിർമിച്ച ഒരു ഇന്ത്യ ഗേറ്റ് ശിൽപ്പം താൻ കരുതിയിരുന്നുവെന്നും എന്നാൽ നിർഭാഗ്യവശാൽ അത് യാത്രക്കിടെ ഉരുകിപോയെന്നും അദ്ദേഹം ചിരിയോടെ പറഞ്ഞു. 'യഥാർത്ഥ ഇന്ത്യ ഗേറ്റ് ഒരു നൂറ്റാണ്ടിലധികമായി തലയുയർത്തി നിൽക്കുന്നുണ്ട്, എന്നാൽ ചോക്ലേറ്റ് പതിപ്പ് ഇന്ത്യയിലേക്കുള്ള യാത്ര പോലും അതിജീവിച്ചില്ല,' എന്ന് പറഞ്ഞ അദ്ദേഹം ചോക്ലേറ്റ് നയതന്ത്രത്തിന് മികച്ചതാണെങ്കിലും ദീർഘദൂര നയതന്ത്ര യാത്രകൾക്ക് അത്ര അനുയോജ്യമല്ലെന്നും തമാശയായി കൂട്ടിച്ചേർത്തു.
ഈ സമ്മാനത്തിനായി ഇന്ത്യ ഗേറ്റ് തന്നെ തെരഞ്ഞെടുക്കാൻ പ്രത്യേക കാരണവുമുണ്ടായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന്റെയും ചരിത്രത്തിന്റെയും പ്രതീകമായാണ് ഈ സ്മാരകം നിലകൊള്ളുന്നത്. ഒന്നാം ലോകമഹായുദ്ധകാലത്ത് ഫ്ലാന്റേഴ്സ് ഫീൽഡിൽ പോരാടി ജീവൻ വെടിഞ്ഞ ഇന്ത്യൻ സൈനികരെ സ്മരിക്കുന്ന ലിഖിതത്തിന്റെ ഒരു ഭാഗം ഈ ചോക്ലേറ്റ് ശിൽപ്പത്തിൽ വളരെ സൂക്ഷ്മമായി ഉൾപ്പെടുത്തിയിരുന്നു. ആയിരക്കണക്കിന് മൈലുകൾ താണ്ടി ബെൽജിയൻ മണ്ണിൽ പോരാടാനെത്തിയ ഇന്ത്യൻ സൈനികരുടെ ധീരതക്കുള്ള ഹൃദ്യമായ ആദരവുകൂടിയായിരുന്നു ഇത്.
ആദ്യ ശ്രമം പാളിയെങ്കിലും ബെൽജിയത്തിന്റെ കയ്യിൽ ഇതിന്റെ മറ്റൊരു കരുതൽ രൂപം കൂടിയുണ്ടെന്ന് ബാർട് ഡി വെവർ ഉറപ്പുനൽകി. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഈ മധുരമുള്ള നിർമിതിക്ക് കോട്ടം തട്ടാതെ ഇന്ത്യൻ പ്രധാനമന്ത്രിക്ക് കൈമാറുമെന്ന ദൃഢനിശ്ചയത്തോടെയാണ് അദ്ദേഹം ഇന്ത്യയിൽ നിന്നും മടങ്ങിയത്. ഇരുനേതാക്കൾക്കുമിടയിലെ സൗഹൃദത്തിന്റെ ആഴം വിളിച്ചോതുന്ന ഈ സ്നേഹസമ്മാനത്തിന്റെ വാർത്തകളും ചിത്രങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.