സി.ജെ.പി സമരത്തിൽ ദലിത് ആക്ടിവിസ്റ്റിന്റെ പിതാവിനെ മർദിച്ചതിന് അറസ്റ്റിലായ ഹിന്ദുത്വ ഇൻഫ്ലുവൻസർക്കെതിരെ പോക്‌സോ കേസ്
ന്യൂഡൽഹി: ഡൽഹി ജന്തർമന്തറിലെ സി.ജെ.പി പ്രതിഷേധത്തിനിടെ ദലിത് ആക്ടിവിസ്റ്റിന്റെ പിതാവിനെ മർദ്ദിച്ച സംഭവത്തിൽ അറസ്റ്റിലായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും സ്വയം പ്രഖ്യാപിത 'സനാതനി യോദ്ധ'യുമായ സ്വതന്ത്ര ഭരദ്വാജിനെതിരെ പോക്സോ കേസും. അക്രമത്തിന് ഇരയായ വ്യക്തിയുടെ പ്രായപൂർത്തിയാകാത്ത മകൾക്ക് നേരെ സോഷ്യൽ മീഡിയയിലൂടെ അതിരൂക്ഷമായ ഭീഷണികളും ലൈംഗികാതിക്രമ മുന്നറിയിപ്പുകളും ഉയർന്നതിനെ തുടർന്നാണ് പ്രതിക്കെതിരെ പോക്‌സോ വകുപ്പുകളും എസ്‌സി/എസ്‌ടി അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും ഡൽഹി പോലീസ് പുതുതായി ചുമത്തിയത്. ഭീഷണികൾ കാരണം പെൺകുട്ടിക്ക് ആഴ്ചകളോളം സ്‌കൂളിൽ പോകാൻ പോലും സാധിച്ചിരുന്നില്ല. സംഭവത്തിൽ ഡൽഹി ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഒളിവിൽ കഴിഞ്ഞിരുന്ന ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
ജൂലൈയിൽ സി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയായിരുന്നു അക്രമം നടന്നത്. പെൺകുട്ടിയുടെ പിതാവിന്റെ തലയോട്ടി താൻ അടിച്ചുതകർത്തതാണെന്ന് ഇയാൾ സോഷ്യൽ മീഡിയയിലൂടെ പരസ്യമായി അവകാശപ്പെടുകയും, രാഷ്ട്രീയ സ്വാധീനം കാരണം തനിക്കെതിരെ നടപടിയുണ്ടാകില്ലെന്ന് വമ്പു പറയുകയും ചെയ്തിരുന്നു. ഇതിനെതിരെ സി.ജെ.പി ഭാരവാഹികളും ജനപ്രതിനിധികളും ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പ്രതിഷേധിച്ചതോടെയാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. തുടർന്ന് അറസ്റ്റ് ഭയന്ന് ബുലന്ദ്ഷഹറിലെ ഗ്രാമത്തിൽ ടാക്സി ഡ്രൈവറായ പരിചയക്കാരന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഭരദ്വാജിനെ വെള്ളിയാഴ്ച ഉച്ചയോടെ ഡൽഹി ക്രൈംബ്രാഞ്ച് സംഘം നേരിട്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബീഹാർ സ്വദേശിയായ ഇയാൾ നിലവിൽ ഡൽഹിയിലാണ് താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.