'ആരാധനാലയ നിയമം ബാധകമല്ല': കോടതി ഉത്തരവിന് പിന്നാലെ സഹാറൻപൂർ കലക്ടറേറ്റിലെ പള്ളി പൊളിച്ചുനീക്കി

ലഖ്‌നൗ: ഉത്തർപ്രദേശിലെ സഹാറൻപൂർ ജില്ലാ മജിസ്‌ട്രേറ്റ് (കലക്ടറേറ്റ്) ഓഫീസ് സമുച്ചയത്തിനുള്ളിൽ സ്ഥിതി ചെയ്തിരുന്ന പള്ളി ജില്ലാ ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. ശനിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചായിരുന്നു പൊളിക്കൽ നടപടി. പള്ളി പൊളിക്കാൻ നീക്കം നടക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾ പ്രദേശത്ത് പരന്നിരുന്നെങ്കിലും, അഭ്യൂഹങ്ങൾക്കിടെ പുലർച്ചെയോടെ ഭരണകൂടം പള്ളി പൂർണമായും പൊളിക്കുകയായിരുന്നു. 

കലക്ടറേറ്റ് പരിസരത്തെ നിർമാണം അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി ജൂലൈ 16-ന് സിറ്റി മജിസ്‌ട്രേറ്റ് കോടതി പള്ളി പൊളിക്കാൻ ഉത്തരവിടുകയും അനധികൃത കൈയേറ്റത്തിന് 6.41 കോടി രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ മുസ്ലിം പക്ഷം ജൂലൈ 22-ന് ജില്ലാ സെഷൻസ് കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. തുടർന്ന് ഇരുവിഭാഗത്തിന്റെയും വാദങ്ങളും തെളിവുകളും പരിശോധിച്ച കോടതി, വിവാദ നിർമാണത്തിന് 1991-ലെ ആരാധനാലയ സംരക്ഷണ നിയമം ബാധകമല്ലെന്ന് വ്യക്തമാക്കി അപ്പീൽ തള്ളുകയും പള്ളി നീക്കം ചെയ്യാനുള്ള മുൻ ഉത്തരവ് ശരിവെക്കുകയും ചെയ്തു.

 

കോടതി ഉത്തരവ് വന്നതിന് പിന്നാലെ പ്രദേശം പൂർണമായും പോലീസിന്റെയും പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറിയുടെയും (പി.എ.സി) നിയന്ത്രണത്തിലാക്കിയാണ് ജില്ലാ ഭരണകൂടം നടപടി പൂർത്തിയാക്കിയത്. സുരക്ഷ മുൻനിർത്തി കലക്ടറേറ്റ് പരിസരത്തേക്കുള്ള പ്രധാന വഴികളെല്ലാം അടയ്ക്കുകയും പ്രവേശനം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്.

Tags:    
News Summary - Mosque on Saharanpur Collectorate Premises Demolished at 5 AM Following Court Order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.