പശ്ചിമ ബംഗാളിൽ പുതിയ ടൂറിസം ലോഗോയും 500 കോടി രൂപയുടെ പദ്ധതികളും പ്രഖ്യാപിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ടൂറിസം മേഖലക്ക് പുത്തൻ ഉണർവേകാനായി പുതിയ ലോഗോയും ബ്രാൻഡ് ഐഡന്റിറ്റിയും മുഖ്യമന്ത്രി സുവേന്ദു അധികാരി ഔദ്യോഗികമായി പുറത്തിറക്കി. സംസ്ഥാനത്തെ ടൂറിസം രംഗം അടിമുടി മാറ്റിയെടുക്കുന്നതിനായി ഏകദേശം 500 കോടി രൂപയുടെ നിക്ഷേപമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, സഞ്ചാരികൾക്കായി മികച്ച ആധുനിക സംവിധാനങ്ങൾ ഒരുക്കൽ എന്നിവയാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ ടൂറിസം രംഗം മുൻകാലങ്ങളിൽ അവഗണിക്കപ്പെടുകയായിരുന്നെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി തുറന്നുസമ്മതിച്ചു. മറ്റ് സംസ്ഥാനങ്ങൾ ഈ രംഗത്ത് ഏറെ മുന്നേറിയപ്പോൾ നമ്മുടെ അടിസ്ഥാന സൗകര്യങ്ങൾ പിന്നിലായിപ്പോയി. സിക്കിമിലേക്ക് പോകുന്ന സഞ്ചാരികൾ വെറുമൊരു യാത്രാമാർഗ്ഗമായി മാത്രമാണ് പശ്ചിമ ബംഗാളിനെ കാണുന്നത്. ഡാർജിലിങിനേക്കാളും കലിംപോങിനേക്കാളും ആളുകൾ ഇന്ന് ഗാംടോക്കിനാണ് മുൻഗണന നൽകുന്നത്. ഈ അവസ്ഥയിൽ നിന്നും നമ്മൾ എത്രയും പെട്ടെന്ന് പുറത്തുകടക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
പുതിയ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കവെ, സംസ്ഥാന ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉന്നതതല ചർച്ചകൾ നടന്നിട്ടുണ്ട്. 2026-2027 വർഷത്തെ ബജറ്റിൽ ടൂറിസം മേഖലക്കായി 500 കോടിയോളം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ വകുപ്പിലെ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിച്ചുവരുന്നു.
സംസ്ഥാനത്തുടനീളമുള്ള ടൂറിസ്റ്റ് ലോഡ്ജുകളും ഗസ്റ്റ് ഹൗസുകളും നവീകരിക്കുക, പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ഗതാഗത സൗകര്യങ്ങൾ വേഗത്തിലാക്കുക എന്നിവയും സർക്കാരിന്റെ മുഖ്യ പരിഗണനയിലുണ്ട്. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ ടൂറിസം മേഖലയെ എങ്ങനെ കൂടുതൽ ഉയരങ്ങളിലെത്തിക്കാമെന്ന് പരിശോധിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ഹൂഗ്ലി നദിയിൽ വാട്ടർ മെട്രോ സംവിധാനം കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ട്. സുന്ദർബൻസിലേക്കും ഗംഗാസാഗറിലേക്കും സഞ്ചാരികളെ സുരക്ഷിതമായി എത്തിക്കുന്നതിനായി കുറഞ്ഞത് 11 ബോട്ടുകൾ വാങ്ങുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. പ്രകൃതിദുരന്ത സമയങ്ങളിലും ഈ ബോട്ടുകൾ ജനങ്ങൾക്ക് ഏറെ ഉപകാരപ്പെടും.
വടക്കൻ ബംഗാളിലെ ടൂറിസം സാധ്യതകൾ ഇരട്ടിയാക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2-ന് ബുക്സ കടുവ സംരക്ഷണ കേന്ദ്രത്തിൽ പുതിയ കടുവകളെ തുറന്നുവിടുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം കടുവ സാന്നിധ്യം വീണ്ടെടുക്കുന്ന ഈ പദ്ധതി വന്യജീവി പ്രേമികളെയും സഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.