സംഘടനാ തെരഞ്ഞെടുപ്പിന് പുതിയ സമയക്രമം പ്രഖ്യാപിച്ച് കോൺഗ്രസ്

ന്യൂഡൽഹി: കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിന് പുതിയ സമയക്രമം നിശ്ചയിച്ചു. ഒക്ടോബര് 30നകം പാർട്ടി അധ്യക്ഷ സ്ഥാനം വരെയുള്ള തെരഞ്ഞെടുപ്പ് പൂർത്തിയാക്കുമെന്നാണ് പ്രഖ്യാപനം. എ.ഐ.സി.സി തെരഞ്ഞെടുപ്പ് സമിതി ചെയർമാന് മുല്ലപ്പള്ളി രാമചന്ദ്രനാണ് പാർട്ടി അധ്യക്ഷ സോണിയാഗാന്ധി, ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരെ കണ്ട ശേഷം സമയക്രമം പ്രഖ്യാപിച്ചത്.

സംഘടനാ തെരഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിക്കുന്നത് ഇതാദ്യമല്ല. തീയതികൾ നേരത്തെ രണ്ടു തവണ നിശ്ചയിച്ചത് പല കാരണങ്ങളാൽ നീട്ടി. കേരളത്തിലാണെങ്കിൽ കാൽ നൂറ്റാണ്ടായി തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. സംഘടനാ തെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പു കമീഷൻ ഡിസംബർ 31 വരെ കോൺഗ്രസിന് ‘അന്തിമ’മായി സമയം നീട്ടി നൽകിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ സമയക്രമം നിശ്ചയിച്ചത്. തെരഞ്ഞെടുപ്പ് നടന്നാലും ഇല്ലെങ്കിലും, നടപടി സ്വീകരിച്ചുവെന്ന് കമീഷനെ ബോധ്യപ്പെടുത്താനുള്ള പ്രഖ്യാപനം കൂടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.   

അംഗത്വ വിതരണം മെയ് 15-ന് പൂർത്തിയാക്കും. തുടർന്ന് ബൂത്ത് തലം മുതൽ എ.ഐ.സി.സി അധ്യക്ഷ സ്ഥാനം വരെയുള്ള തെരഞ്ഞെടുപ്പ് നടക്കും. ഇതടക്കം എല്ലാ നടപടിക്രമങ്ങളും ഒക്ടോബര് 30-നകം പൂർത്തിയാക്കും. തുടർന്ന് പ്ലീനറി സമ്മേളനം വിളിച്ച്  പുതിയ അധ്യക്ഷന് ചുമതലയേൽക്കും. അതേസമയം, രാഹുൽഗാന്ധി ഇനി വൈകാതെ പാർട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്നാണ്  കഴിഞ്ഞ ദിവസം എ.കെ ആൻറണി മലപ്പുറത്ത് പറഞ്ഞത്.

സമയക്രമം തീരുമാനിക്കുന്നതിനു മുമ്പ് ആൻറണി, സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹ്മദ് പട്ടേൽ, സംഘടന കാര്യങ്ങളുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ജനാർദ്ദൻ ദ്വിവേദി എന്നിവരുമായും മുല്ലപ്പള്ളി ചർച്ച നടത്തി. തെരഞ്ഞെടുപ്പ് സമിതി യോഗവും വിളിച്ചു.ബൂത്ത്, മണ്ഡലം, ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലങ്ങളിലെയും എ.ഐ.സി.സി അംഗങ്ങളുടേയും തെരഞ്ഞെടുപ്പ് തീയതി വൈകാതെ തന്നെ പ്രഖ്യാപിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരണാധികാരികളെ നേരത്തെ നിശ്ചയിരുന്നു. ഇതിൽ  മാറ്റമുണ്ടാകില്ല.
തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന നേതാവ് സുദർശന നാച്ചിയപ്പനാണ് കേരളത്തിലെ വരണാധികാരി.

Tags:    
News Summary - congress party election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.