ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പ്രവർത്തന ശൈലിയെ വിമർശിച്ച് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകളും മുൻ കോൺഗ്രസ് നേതാവുമായ ശർമിഷ്ഠ മുഖർജി. കുറച്ച് ദിവസം സജീവമായി പ്രവർത്തിച്ച ശേഷം രാഹുൽ ഗാന്ധി പൊതുരംഗത്ത് നിന്ന് അപ്രത്യക്ഷമാകാറുണ്ടെന്നും രാഷ്ട്രീയം ‘24 മണിക്കൂറും, വർഷം മുഴുവൻ ചെയ്യുന്ന ജോലിയാണ്’ എന്നും അവർ പറഞ്ഞു.
കോൺഗ്രസിന്റെ സംഘടനാ ശക്തി വർധിപ്പിക്കുന്നതിൽ പാർട്ടി വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നും, സഖ്യരാഷ്ട്രീയത്തെ മാത്രം ആശ്രയിക്കുന്ന സമീപനം തുടരുകയാണെന്നും ശർമിഷ്ഠ അഭിപ്രായപ്പെട്ടു. ‘സ്വന്തം ശക്തിയിൽ വിജയിക്കാനായി സംഘടനയെ കെട്ടിപ്പടുക്കണം. സഖ്യങ്ങൾ മാത്രം ആശ്രയിച്ച് തെരഞ്ഞെടുപ്പുകൾ ജയിക്കാനാവില്ല’ -വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിനോട് അവർ പറഞ്ഞു.
2014 മുതൽ രാഹുൽ ഗാന്ധി കോൺഗ്രസിന്റെ പ്രധാന മുഖമാണെങ്കിലും പാർട്ടിക്ക് തുടർച്ചയായി തെരഞ്ഞെടുപ്പ് വിജയങ്ങൾ നേടിക്കൊടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഇത് അദ്ദേഹത്തിന്റെ നേതൃത്വത്തിന്റെ പരാജയമാണെന്നും ശർമിഷ്ഠ വിമർശിച്ചു. ‘ഞാൻ ഒരു ഊഹാപോഹവും നടത്തില്ല. 2024ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 99 സീറ്റുകൾ നേടി. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തി, അതിന് നല്ല ഫലം ലഭിച്ചു. എന്നാൽ, നിർഭാഗ്യവശാൽ രാഹുൽ ഗാന്ധി ചില പരിപാടികൾ ചെയ്തശേഷം അപ്രത്യക്ഷനായി. ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാർഷികത്തിൽ അദ്ദേഹം എവിടെയായിരുന്നു?’ -2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സാധ്യതകളെക്കുറിച്ച് ശർമിഷ്ഠ സംസാരിച്ചു.
‘രാഷ്ട്രീയം 24 മണിക്കൂറും 365 ദിവസവും നീണ്ടുനിൽക്കുന്ന ഒരു ജോലിയാണ്. നിങ്ങൾ വന്ന് രണ്ടു ദിവസത്തിനു ശേഷം പുറത്തുപോകുന്നു. നിങ്ങൾ ചില റാലികൾ നടത്തുന്നു, ചില ആളുകളെ കാണുന്നു, പിന്നെ പുറത്തുപോകുന്നു. അതിനാൽ, എന്റെ അഭിപ്രായത്തിൽ, രാഷ്ട്രീയം ഇങ്ങനെയല്ല’ അവർ കൂട്ടിച്ചേർത്തു.
‘സഖ്യങ്ങൾ രൂപീകരിച്ചുകൊണ്ട് മാത്രം തെരഞ്ഞെടുപ്പുകൾ ജയിക്കാൻ കഴിയില്ല. കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഞാൻ കോൺഗ്രസിൽ പ്രവർത്തിച്ചപ്പോഴും, സംഘടനയെ ശക്തിപ്പെടുത്തുന്നതിലൂടെയല്ല, സഖ്യങ്ങൾ രൂപീകരിച്ച് എങ്ങനെ ജയിക്കാം എന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. സ്വന്തം ശക്തിയിൽ വിജയിക്കാനുള്ള പ്രോത്സാഹനം അവർക്ക് ലഭിക്കുന്നില്ല’ -ശർമിഷ്ഠ കൂട്ടിച്ചേർത്തു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജനപിന്തുണയുള്ള നേതാവായും അവർ വിശേഷിപ്പിച്ചു. രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി വദ്രയെയും തമ്മിൽ താരതമ്യം ചെയ്യാൻ താൻ തയ്യാറല്ലെന്നും ഇരുവരുമായും വ്യക്തിപരമായ ഇടപെടൽ പരിമിതമായിരുന്നുവെന്നും ശർമിഷ്ഠ കൂട്ടിച്ചേർത്തു. കോൺഗ്രസിനെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ ഒരു രാഷ്ട്രീയ നിരീക്ഷക എന്ന നിലയിലാണ് പങ്കുവെക്കുന്നതെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.