ന്യൂഡൽഹി: രണ്ടു പതിറ്റാണ്ടിനു ശേഷം പ്രസിഡന്റുസ്ഥാനത്തേക്കൊരു മത്സരം പടിവാതിൽക്കൽ മുട്ടിവിളിക്കുമ്പോൾ സ്ഥാനാർഥികളായേക്കാവുന്ന രണ്ടു പേരിൽ കോൺഗ്രസ് നേതാക്കൾ ആരെ അനുകൂലിക്കും? അശോക് ഗെഹ്ലോട്ടിനെയോ, ശശി തരൂരിനെയോ?
നിലവിലെ സാഹചര്യങ്ങളിൽ ഉത്തരം തരൂരിന് എതിരാണ്. ബഹുഭൂരിപക്ഷം കേരള നേതാക്കളുടെ പിന്തുണ പോലും ഗെഹ്ലോട്ടിനായിരിക്കും. അങ്ങനെ വന്നാൽ കോൺഗ്രസിൽ ശശി തരൂരിന്റെ ഭാവി? അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർഥിത്വം? അവ്യക്തതകൾ നിറഞ്ഞ രാഷ്ട്രീയ ചുവടുവെപ്പിലാണ് ശശി തരൂർ. പോർവിളി തുടങ്ങുന്നതേയുള്ളൂ. പ്രസിഡന്റുസ്ഥാനത്തേക്ക് മത്സരിക്കാൻ നിർബന്ധിക്കപ്പെടുന്ന അശോക് ഗെഹ്ലോട്ട് രാജസ്ഥാനിൽ പോർവിളി ഒതുക്കാനുള്ള ശ്രമത്തിലാണ്. മുഖ്യമന്ത്രിസ്ഥാനം പ്രതിയോഗിയായ സചിൻ പൈലറ്റിനെ ഏൽപിക്കാൻ അദ്ദേഹം തയാറല്ല. രാജസ്ഥാൻ വിട്ടാൽ സംസ്ഥാനത്ത് പ്രാമാണ്യം നഷ്ടപ്പെടുമെന്ന ആശങ്കയുമുണ്ട്. നെഹ്റു കുടുംബത്തിന്റെ ആശീർവാദമുണ്ടെങ്കിലും പ്രസിഡന്റുസ്ഥാനം മുൾക്കിരീടമാണെന്ന പ്രശ്നം പുറമെ. നെഹ്റുകുടുംബത്തിനു പുറത്തുനിന്നൊരാളെന്ന നിലയിൽ പാർട്ടിയുടെ ഭരണഭാരമേറ്റ സീതാറാം കേസരിയുടെ അനുഭവം കോൺഗ്രസുകാർക്കിടയിൽ തികട്ടി വരുന്ന കാലം.
നെഹ്റുകുടുംബത്തിന്റെ ആശീർവാദമില്ലാതെ കോൺഗ്രസിനെ നയിക്കാൻ നിലവിലെ സാഹചര്യങ്ങളിൽ ഏതൊരാൾക്കും പ്രയാസം. പദവിയിൽനിന്ന് മാറിക്കൊടുത്താലും നിയന്ത്രണം കൈവിട്ടു കളിക്കാൻ നെഹ്റുകുടുംബാംഗങ്ങൾ തയാറായെന്നു വരില്ല. ഈ വക വിഷയങ്ങൾ മാറ്റിനിർത്തിയാൽ, കോൺഗ്രസ് നേരിടുന്ന പ്രശ്നങ്ങളിൽ തരൂരിനും ഗെഹ്ലോട്ടിനും എന്തു ചെയ്യാൻ കഴിയുമെന്ന ചർച്ച കോൺഗ്രസിൽ സജീവം. കോൺഗ്രസിന്റെ പരമ്പരാഗത രീതിക്കാരനാണ് ഗെഹ്ലോട്ട്. അടിമുടി പാർട്ടിക്കാരൻ. രാജസ്ഥാനിൽ പ്രത്യേകിച്ചും, അണികളുമായി നല്ല ബന്ധം. കോൺഗ്രസിൽ നവീകരണ-തിരുത്തൽ പക്ഷത്താണ് ശശി തരൂരിന്റെ സ്ഥാനം. പുതിയ കോൺഗ്രസിനെ കണ്ടെടുക്കാൻ അദ്ദേഹം ശ്രമിച്ചേക്കാമെങ്കിലും, പൊതുസ്വീകാര്യത കൂടുതലാണെങ്കിലും, തരൂരിന്റെ നേതൃത്വം അംഗീകരിക്കാൻ പാർട്ടിയുടെ ഉള്ളകം അറിയുന്ന 'സീനിയർ സിറ്റിസൺസ്' അടക്കമുള്ളവർ തയാറായെന്നു വരില്ല.
രണ്ടു പേർക്കും രണ്ടു വിധത്തിൽ ജനസമ്മതിയുണ്ട്. പാർട്ടിക്കുള്ളിൽ ഏറെ സ്വീകാര്യൻ ഗെഹ്ലോട്ട്. പാർട്ടിക്കു പുറത്ത് ആരാധകവൃന്ദം കൂടുതൽ തരൂരിന്. രണ്ടു പേരും രണ്ടു വഴിക്കാണ് കോൺഗ്രസ് നേതാക്കളായത്. അഞ്ചു പതിറ്റാണ്ടിലേറെയായി മുഴുസമയ പാർട്ടി പ്രവർത്തകനാണ് ഗെഹ്ലോട്ട്. മികച്ച സംഘാടനപാടവം. ബി.ജെ.പിയുടെ കുതിരക്കച്ചവടം രാജസ്ഥാനിൽ ഏൽക്കാതെ പോയത് എതിരാളി ഗെഹ്ലോട്ടായതുകൊണ്ടാണ്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വരെ പ്രസംഗവേദി കൈയടക്കുന്നതിൽ സമർഥരാണെങ്കിൽ, മികച്ച പ്രസംഗകനല്ല ഗെഹ്ലോട്ട്.
നയതന്ത്ര ദൗത്യം കഴിഞ്ഞ് പാർട്ടിയിലേക്കും തിരുവനന്തപുരത്തേക്കും നെഹ്റുകുടുംബം നൂലിൽ കെട്ടിയിറക്കിയ നേതാവെന്ന ആക്ഷേപം തരൂരിനെ ഇപ്പോഴും വിട്ടുപിരിഞ്ഞിട്ടില്ല. ഇതു കഴിഞ്ഞാൽ കോൺഗ്രസിൽതന്നെയോ പുറത്തേക്കോ എന്ന ചോദ്യമാണ് മത്സരിക്കാൻ ഒരുങ്ങുന്ന ഘട്ടത്തിൽ തരൂരിന് നേരെ പാർട്ടിയിലെ എതിരാളികൾ ഉയർത്തുന്ന ചോദ്യം. പുതിയ ആശയങ്ങൾ കൊണ്ടുവരാൻ തരൂരിന് കഴിയുമെങ്കിലും, അതിനൊത്ത് പാർട്ടി ചലിപ്പിക്കാൻ കഴിയുമോ എന്ന ചോദ്യം ബാക്കി. പാർട്ടി നേതാക്കളുടെ പിന്തുണ വേണ്ടത്ര കിട്ടാതെ പോയിട്ടും തിരുവനന്തപുരത്തെ ആവർത്തിച്ച വിജയം, അദ്ദേഹത്തിന് ആർജിച്ചെടുക്കാൻ കഴിയുന്ന ജനസ്വീകാര്യതക്ക് തെളിവായി തരൂർപക്ഷവാദികൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, കോൺഗ്രസിന്റെ നിലവിലെ നേതൃനിരയെ ഏകോപിപ്പിച്ചു കൊണ്ടുപോകാനും ഉൾപാർട്ടി സമ്മർദങ്ങൾ അതിജീവിക്കാനും തരൂരിന് നേരിടേണ്ടി വരുന്ന പ്രായോഗിക പ്രയാസങ്ങൾ ഒട്ടും ചെറുതാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.