ബാങ്ക് തട്ടിപ്പ് കേസ്: മുതിർന്ന കോൺഗ്രസ് നേതാവും എം.എൽ.എയുമായ സുനിൽ കേദാറിനെ അയോഗ്യനാക്കി

ന്യൂഡൽഹി: ബാങ്ക് തട്ടിപ്പ് കേസിൽ മുതിർന്ന കോൺ​ഗ്രസ് നേതാവും എം.എൽ.എയുമായ സുനിൽ കേദാറിനെ നിയമസഭയിൽ നിന്നും അയോ​ഗ്യനാക്കി. നാഗ്പൂർ ജില്ലാ സെൻട്രൽ സഹകരണ ബാങ്കിൽ (എൻ.ഡി.സി.സി.ബി) നിന്നും 150 കോടി രൂപയുടെ ക്രമക്കേട് കേദാർ നടത്തിയിരുന്നു. സംഭവത്തിൽ കേദാറിന് അഞ്ച് വർഷത്തെ ജയിൽ ശിക്ഷ വിധിച്ചതിന് പിന്നാലെയാണ നടപടി.

എൻ.ഡി.സി.സി.ബിയിലെ ഫണ്ട് ദുരുപയോഗം ചെയ്തതിന് കേദാറിനും മറ്റ് അഞ്ച് പേർക്കുമെതിരെ വെള്ളിയാഴ്ചയാണ് നാഗ്പൂരിലെ മജിസ്‌ട്രേറ്റ് കോടതി അഞ്ച് വർഷത്തെ കഠിന തടവ് വിധിച്ചത്. 12.5 ലക്ഷം രൂപയുടെ പിഴയും പ്രതികൾക്ക് ചുമത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ മുൻ മഹാ വികാസ് അഘാഡി സർക്കാരിൻ്റെ കാലത്ത് മന്ത്രിയായിരുന്നു കേദാർ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 406, 409, 468, 471, 120 (ബി), 34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

സുനിൽ കേദാർ സഹകരണ ബാങ്കിൽ ചെയർമാനായി പ്രവർത്തിച്ചിരുന്ന കാലത്ത് നിക്ഷേപക കമ്പനിയായ ഹോം ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് വഴി പണം നിക്ഷേപിക്കുമ്പോൾ നിയമങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി 2002ൽ എൻ.ഡി.സി.സി.ബിക്ക് സർക്കാർ സെക്യൂരിറ്റികളിൽ നിന്നും 150 കോടി രൂപ നഷ്ടപ്പെട്ടിരുന്നു. ബാങ്കിൻ്റെ മുഴുവൻ ഓഹരികളുടെയും ചുമതല കേദാറിനെ ഏൽപ്പിച്ചിരുന്നുവെന്നും കേദാറിനെയും ജനറൽ മാനേജർ അശോക് ചൗധരിയെയും നിയമം അനുശാസിക്കുന്ന രീതിയിൽ ഫണ്ട് നിക്ഷേപിക്കാൻ ചുമതലപ്പെടുത്തിയിരുന്നെങ്കിലും അവർ വിശ്വാസ ലംഘനം നടത്തിയെന്നും വിധി പ്രസ്താവത്തിനിടെ കോടതി വ്യക്തമാക്കിയിരുന്നു.

ഇത്തരം വിശ്വാസലംഘനങ്ങൾ കടുത്ത ശിക്ഷയർഹിക്കുന്നതാണെന്നും കേദാറിനും മറ്റ് പ്രതികൾക്കും ശിക്ഷ ഉറപ്പാക്കുമെന്നും കോടതി വ്യക്തമാക്കി.

Tags:    
News Summary - Congress leader Sunil Kedar disqualified from Maharashtra Assembly after conviction in bank scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.