ഉമ്മൻ ചാണ്ടി, സ്റ്റാലിൻ

തമിഴ്​നാട്ടിൽ കോൺഗ്രസിന്​ 25 സീറ്റ്​; സ്റ്റാലിൻ ഉമ്മൻ ചാണ്ടിയെ അപമാനിച്ചിട്ടില്ലെന്ന്​ അഴഗിരി

ചെന്നൈ: എറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴ്​നാട് നിയമസഭ സീറ്റ്​ വിഭജന ചർച്ചകൾ ഡി.എം.കെയും കോൺ​ഗ്രസും പൂർത്തിയാക്കി. 25 നിയമസഭ സീറ്റുകളിലും കന്യാകുമാരി ലോക്​സഭ ഉപതെരഞ്ഞെടുപ്പിലും കോൺഗ്രസ്​ മത്സരിക്കും.

സീറ്റ്​ ചർച്ചക്കിടെ മുൻ കേരള മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഉമ്മൻ ചാണ്ടിയെ ഡി.എം.കെ അധ്യക്ഷൻ അപമാനിച്ചുവെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന്​ കോൺഗ്രസ്​ സംസ്​ഥാന അധ്യക്ഷൻ കെ.എസ്​. അഴഗിരി വ്യക്തമാക്കി. ​

'സീറ്റ് വിഭജനത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വഭാവികമാണ്. എല്ലാ തർക്കങ്ങളും പരിഹരിച്ചു. സഖ്യം മികച്ച വിജയം നേടും. രാജ്യത്തിന്‍റെ നിലവിലെ രാഷ്​ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചാണ് വിട്ടുവീഴ്ച ചെയ്തത്. ഡി.എം.കെയുമായി ഉണ്ടാക്കിയിരിക്കുന്നത് മതേതരസഖ്യമാണ്. ബി.ജെ.പിക്ക് എതിരായ സന്ദേശം നൽകാനാണ് ഈ സഖ്യം. ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ ഡി.എം.കെ സഖ്യത്തിൽ തുടരേണ്ടത് അനിവാര്യമാണ്' -അഴഗിരി വ്യക്തമാക്കി.

കഴിഞ്ഞ തവണ 41 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന്​ എട്ടു സീറ്റിൽ മാത്രമാണ്​ വിജയിക്കാനായത്​. ഇത്തവണ അവർ 35 സീറ്റ്​ ആവശ്യപ്പെ​ട്ടെങ്കിലും 22 സീറ്റേ നൽകാനാകൂ എന്ന നിലപാടിലായിരുന്നു ഡി.എം.കെ.

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ മത്സരിച്ച്​ കോൺഗ്രസ്​ പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാതെ പോയത്​ ആർ.ജെ.ഡിക്ക്​ ഭരണം നഷ്​ടമാകാൻ ഇട വന്നിരുന്നു. അതോടൊപ്പം പു​തുച്ചേരിയിലടക്കം എം.എൽ.എമാർ രാജിവെച്ച്​ ബി.ജെ.പിയിൽ ചേർന്ന സംഭവങ്ങളും ചൂണ്ടിക്കാട്ടിയാണ്​ ഡി.എം.കെ കടുത്ത നിലപാടെടുത്തത്​.

ഇതോടെ സഖ്യം വിട്ട്​ ഒറ്റക്ക്​ മത്സരിക്കണമെന്ന്​ കോൺഗ്രസിലും മുറുമുറുപ്പ്​ ഉയർന്നു. ഇതോടെയാണ്​ ഹൈക്കമാൻഡ് ഇടപെട്ട്​ ഉമ്മൻചാണ്ടിയെ പ്രത്യേക ദൗത്യവുമായി ​തമിഴ്​നാട്ടിലേക്കയച്ചത്​.

സീറ്റ് വിഭജന ചർച്ചക്കിടെ സ്റ്റാലിൻ ഉമ്മൻ ചാണ്ടിയെ അപമാനിച്ചുവെന്നും ഇതേതുടർന്ന് അഴഗിരി പാർട്ടി നേതാക്കൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുവെന്നുമായിരുന്നു റിപ്പോർട്ടുകൾ. വെള്ളിയാഴ്ച കോൺഗ്രസ്​ എക്​സിക്യൂട്ടീവ്​ കമ്മിറ്റി യോഗത്തിലായിരുന്നു സംഭവം. സീറ്റിന്‍റെ എണ്ണത്തേക്കാൾ മുതിർന്ന നേതാവായ ഉമ്മൻ ചാണ്ടിയോടുള്ള ഡി.എം.കെ അധ്യക്ഷന്‍റെ സമീപനമാണ്​​ തന്നെ വേദനിപ്പിച്ചതെന്ന് സീറ്റ് ചർച്ചയ്ക്ക് ശേഷം അഴഗിരി വ്യക്തമാക്കിയിരുന്നു.

വിഷയം ശ്രദ്ധയിൽ പെട്ട രാഹുൽ ഗാന്ധി അഴഗിരിയുമായി ഫോണിൽ ബന്ധപ്പെടുകയും തരക്കേടില്ലാത്ത സീറ്റുകൾ മുന്നണിയിൽ നിന്ന്​ വാങ്ങിയെടുക്കണമെന്നും നിർദേശം നൽകുകയായിരുന്നു.

മുസ്‌ലിംലീഗിന് മൂന്നു സീറ്റും മനിതേയ മക്കൾകച്ചിക്ക് രണ്ടു സീറ്റും നൽകാൻ നേരത്തെ ധാരണയായിരുന്നു. സിപിഐ, എംഡിഎംകെ, വികെസി കക്ഷികൾ ആറു വീതം സീറ്റിൽ മത്സരിക്കും. ഏപ്രിൽ ആറിന് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.

Tags:    
News Summary - congress contest in 25 seats at tamil nadu stalin didn't insulted oommen chandy says KS Alagiri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.