ന്യൂഡൽഹി: മണ്ഡല പുനർനിർണയവും സെൻസസ് പ്രവർത്തനങ്ങളും പൂർത്തിയാകുന്നതിനുമുമ്പേ പ്രധാനമന്ത്രി നരേന്ദ്ര മോദി വനിതാ സംവരണം നടപ്പാക്കാൻ തിടുക്കം കാട്ടുകയാണെന്ന് കോൺഗ്രസ്. വനിതാ സംവരണ നിയമ ഭേദഗതി പാസാക്കാൻ രണ്ടുദിവസത്തെ പ്രത്യേക സമ്മേളനം വിളിക്കാനുള്ള നീക്കത്തെ പരാമർശിച്ച് യു-ടേൺ ഉസ്താദ് എന്ന് വിളിച്ചാണ് മോദിയെ പാർട്ടി പരിഹസിച്ചത്.
2023 സെപ്റ്റംബറിൽ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത അവസരത്തിലാണ് നാരി വന്ദൻ അധിനിയമം എന്ന വനിതാ സംവരണ നിയമം പാസാക്കിയത്. ലോക്സഭയിലും നിയമസഭകളിലും മൂന്നിലൊന്ന് വനിതാ സംവരണം നടപ്പാക്കാൻ ഭരണഘടന ഭേദഗതി ചെയ്തു. പട്ടികജാതി, പട്ടിക വർഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് വനിതകൾക്കായി സംവരണം ചെയ്യും. ഈ രണ്ട് സംവരണങ്ങളും മണ്ഡല പുനർനിർണയവും സെൻസസും പൂർത്തിയാകുമ്പോൾ നടപ്പാക്കാനായിരുന്നു സർക്കാർ ഉദ്ദേശിച്ചിരുന്നത്.
എന്നാൽ, അത് 2024 ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ ഉടൻ പ്രാബല്യത്തോടെ നടപ്പാക്കണമെന്ന് ചർച്ചാ വേളയിൽ കോൺഗ്രസ് ആവശ്യപ്പെട്ട കാര്യം ജയ്റാം രമേഷ് ചൂണ്ടിക്കാട്ടി. എന്നാൽ, മണ്ഡല പുനർനിർണയവും സെൻസസും പൂർത്തിയാകാതെ അത് നടപ്പാക്കാൻ സാധ്യമല്ലെന്ന നിലപാടാണ് സർക്കാർ കൈക്കൊണ്ടത്. 30 മാസം കഴിഞ്ഞപ്പോൾ യു-ടേൺ ഉസ്താദിന് പെട്ടെന്ന് മനംമാറ്റം വന്നിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.