പുരിയിലെ ജഗന്നാഥ രഥയാത്രക്കിടയിലെ തിക്കും തിരക്കും

പുരിയിലെ ജഗന്നാഥ രഥയാത്രക്കിടെ തിക്കും തിരക്കും; നിരവധി പേർക്ക് പരിക്ക്

ഭുവനേശ്വർ: ഒഡിഷയിലെ പുരിയിൽ നടക്കുന്ന പ്രശസ്തമായ രഥയാത്രക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് നിരവധി ഭക്തർക്ക് പരിക്ക്. ലോകപ്രശസ്തമായ ഒഡിഷയിലെ പുരിയിൽ ഇക്കുറി കനത്തമഴയിലാണ് ജഗന്നാഥ രഥയാത്ര നടക്കുന്നത്. ജൂലൈ 16 മുതൽ 24 വരെയാണ് രഥയാത്ര നടക്കുന്നത്. ചടങ്ങിനിടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ഏഴുപേരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ എത്രപേർക്ക് പരിക്ക് സംഭവിച്ചിട്ടുണ്ടെന്നതിന്റെ ഔദ്യോഗിക കണക്ക് പുറത്ത് വന്നിട്ടില്ല.

ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി നേരത്തെ തന്നെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു. വെള്ളക്കെട്ട് നീക്കം ചെയ്യുന്നതിനായി ജില്ലാ ഭരണകൂടത്തിനും മുനിസിപ്പൽ അധികൃതർക്കും അദ്ദേഹം കർശന നിർദ്ദേശം നൽകിയിരുന്നു. 19 ഐ.പി.എസ് ഓഫിസർമാരും ഏകദേശം 13,000 പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന വിപുലമായ സുരക്ഷാ സംവിധാനമാണ് പുരിയിൽ ഒരുക്കിയിരുന്നത്.

ഇതിനു പുറമെ സി.ആർ.പി.എഫ്, ബി.എസ്.എഫ്, ആർ.എ.എഫ് തുടങ്ങിയ കേന്ദ്ര സായുധ സേനകളെയും സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. നിരീക്ഷണത്തിനായി 473 എ.ഐ (AI) അധിഷ്ഠിത സി.സി.ടി.വി കാമറകളും ഡ്രോൺ ജാമിങ് സംവിധാനങ്ങളും സജ്ജീകരിച്ചിരുന്നു.

ശ്രീജഗന്നാഥൻ, ബലഭദ്രൻ, സുഭദ്ര ദേവി എന്നിവരുടെ വിഗ്രഹങ്ങൾ ഭീമൻ മരത്തേരുകളിൽ കയറ്റി ശ്രീമന്ദിരത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയുള്ള ഗുണ്ടിച്ച ക്ഷേത്രത്തിലേക്ക് ആചാരപ്രകാരം നടത്തുന്ന രഥയാത്രയാണ് പുരിയിലേത്. ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ, ഭക്തർ വലിയ മരച്ചക്രം ഘടിപ്പിച്ച രഥങ്ങൾ വടം ഉപയോഗിച്ച് വലിക്കുന്നു.

ഇത് പാപങ്ങളിൽ നിന്ന് മോചനം നൽകുമെന്നും പുണ്യം ലഭിക്കുമെന്നുമാണ് ഐതിഹ്യം. ഭക്തരുടെ തിരക്ക് നിയന്ത്രിക്കാൻ ഈസ്റ്റ് കോസ്റ്റ് റെയിൽവേ പ്രത്യേക ട്രെയിൻ സർവിസ് സജ്ജീകരിച്ചിട്ടുണ്ട്. പുരി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്കായി കാത്തിരിപ്പ് കേന്ദ്രങ്ങൾ, കുടിവെള്ള സൗകര്യങ്ങൾ, ശുചിമുറികൾ, കുളിമുറികൾ, മെഡിക്കൽ സെന്ററുകൾ എന്നിവയും സർക്കാർ ഒരുക്കിയിരുന്നു.

Tags:    
News Summary - Many injured in stampede during Jagannath Rath Yatra in Puri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.