ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് സോനം വാങ്ചുക് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ. 19ാം ദിവസമായ വ്യാഴാഴ്ച ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ ജന്തർ മന്ദറിലെ സമരപ്പന്തൽ സന്ദർശിക്കുകയും സോനം വാങ്ചുകുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന സമരത്തിന്റെ ആവശ്യങ്ങൾ പരിഹരിച്ച് ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും സോനം വാങ്ചുക്കിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാക്കണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു. മോദി സർക്കാറിന്റെ നിലപാടിനെ വിമർശിച്ച കെജ്രിവാൾ, കോക്രോച്ച് പ്രസ്ഥാനത്തെയും സോനം വാങ്ചുകിനെയും കേൾക്കുക്കണമെന്നും അല്ലാത്തപക്ഷം മൂന്ന് വർഷത്തിനുശേഷം 2014ലേതിന് സമാനമായൊരു വിധി നിങ്ങൾക്കുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
അതേസമയം, വാങ്ചുകിന്റെ ആരോഗ്യനിലയിൽ ആശങ്കയറിയിച്ച ഡൽഹി ഹൈക്കോടതി രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യം ദിവസേന നിരീക്ഷിക്കാനും ഡോക്ടറെ ഏർപ്പാടാക്കാനും കേന്ദ്ര സർക്കാറിന് കർശന നിർദേശം നൽകി. വാങ്ചുകിന്റെ ആരോഗ്യം വഷളാകുന്നതിൽ അടിയന്തര വൈദ്യസഹായം ആവശ്യപ്പെട്ട് ഒരു അഭിഭാഷകൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഇടപെടൽ. "ഓരോ പൗരന്റെയും ജീവൻ വിലപ്പെട്ടതാണ്" എന്ന് വ്യക്തമാക്കിയ കോടതിക്ക്, വാങ്ചുകിന്റെ ആരോഗ്യസ്ഥിതി കൃത്യമായി നിരീക്ഷിക്കുമെന്ന് സർക്കാർ ഉറപ്പുനൽകി.
നിരാഹാര സമരം അവസാനിപ്പിക്കണമെന്ന വിവിധ കോണുകളിൽനിന്നുള്ള അഭ്യർഥനകളോട് സോനം വാങ്ചുക് പ്രതികരിച്ചു. തന്റെ ആരോഗ്യനിലയെക്കുറിച്ച് ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ഇനിയും കുറച്ചുദിവസങ്ങൾ കൂടി സമരം തുടരാൻ തന്റെ ശരീരം സജ്ജമാണെന്നും അദ്ദേഹം വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു. മെഡിക്കൽ പരിശോധനാ ഫലങ്ങൾ അനുകൂലമാണെന്നും രണ്ടോ നാലോ ദിവസങ്ങൾക്കുള്ളിൽ മരിച്ചുപോകുന്ന അവസ്ഥയിലല്ല താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ജൂലൈ 20ന് പാർലമെന്റിലേക്ക് നടത്തുന്ന മാർച്ചിൽ പങ്കുചേരാൻ ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.