കെ-പോപ്പ് താരമാക്കാമെന്ന വ്യാജവാഗ്ദാനം; വീട് വിട്ടിറങ്ങിയ രണ്ട് വിദ്യാർഥിനികളെ പൊലിസ് രക്ഷപ്പെടുത്തി
കൊൽക്കത്ത: ദക്ഷിണ കൊറിയയിൽ കെ-പോപ്പ് താരങ്ങളും മോഡലുകളും ആക്കാമെന്ന വ്യാജവാഗ്ദാനം നൽകി സോഷ്യൽ മീഡിയയിലൂടെ വലയിലകപ്പെട്ട രണ്ട് ആറാം ക്ലാസ് വിദ്യാർഥിനികളെ പൊലിസ് രക്ഷപ്പെടുത്തി. മനുഷ്യക്കടത്തോ വിദേശത്തേക്ക് പ്രായപൂർത്തിയാകാത്തവരെ റിക്രൂട്ട് ചെയ്യുന്ന സംഘടിത സംഘമോ സംഭവത്തിന് പിന്നിലുണ്ടോയെന്ന സംശയത്തിൽ പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചു.
പൊലിസ് നൽകുന്ന വിവരമനുസരിച്ച്, പശ്ചിമ ബംഗാളിലെ മാൽഡ ജില്ലയിലാണ് സംഭവം നടന്നത്.ഇരുവരും ഏകദേശം ഒരു വർഷത്തോളമായി പിന്ററെസ്റ്റ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ "ദിഘി സർക്കാർ" എന്ന പേരിൽ പരിചയപ്പെട്ട ഒരാളുമായി ബന്ധപ്പെട്ടിരുന്നതായി പൊലിസ് പറയുന്നു. ദക്ഷിണ കൊറിയയിലെ വിനോദരംഗത്ത് മികച്ച അവസരങ്ങൾ ലഭിക്കുമെന്ന വാഗ്ദാനം നൽകി പ്രതി ഇരുവരുടെയും വിശ്വാസം നേടുകയായിരുന്നു.
കെ-പോപ്പ് ഗായികമാരും മോഡലുകളും ആകാൻ ആഗ്രഹിക്കുന്ന കുട്ടികളോട് ഇതിനായി കൊറിയൻ ഭാഷയും സംസ്കാരവും പഠിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും "ഡെമൺസ്" എന്ന പേരിലുള്ള ഒരു ഓൺലൈൻ ഗ്രൂപ്പിൽ ചേർക്കുകയും ചെയ്തു. യാത്രാ നിർദേശങ്ങളും സ്ഥല വിവരങ്ങളും ഉൾപ്പെടെയുള്ള നിർദേശങ്ങൾ ഈ ഗ്രൂപ്പിലൂടെ നൽകിയിരുന്നു. ആദ്യം ഭൂട്ടാനിലേക്ക് പോകുകയും പിന്നീട് അവിടെ നിന്ന് ദക്ഷിണ കൊറിയയിലേക്ക് കൊണ്ടുപോയി കെ-പോപ്പ് താരങ്ങളായും മോഡലുകളായും പരിശീലനം നൽകുമെന്നും പറഞ്ഞാണ് കുട്ടികളെ വീട്ടിൽ നിന്ന് ആരോടും പറയാതെ ഇറങ്ങാൻ പ്രേരിപ്പിച്ചത്.
കുട്ടികളെ കാണാതായതിനെ തുടർന്ന് കുടുംബങ്ങൾ പൊലിസിൽ പരാതി നൽകി. അന്വേഷണത്തിൽ ഇരുവരും സിലിഗുരിയിലേക്കുള്ള ബസിൽ യാത്ര ചെയ്തതായും ടെൻസിങ് നോർഗേ ബസ് ടെർമിനസിൽ ചിലരെ കാണാനിരുന്നതായും വിവരം ലഭിച്ചു. തുടർന്ന് പൊലിസ് വ്യാപക തെരച്ചിൽ നടത്തി. നൗകാഘട്ട് പ്രദേശത്ത് ബസുകൾ പരിശോധിക്കുന്നതിനിടെ കുട്ടികൾ സഞ്ചരിച്ചിരുന്ന ബസ് കണ്ടെത്തി. അന്താരാഷ്ട്ര അതിർത്തിയിലേക്ക് നീങ്ങുന്നതിന് മുമ്പ് തന്നെ ഇരുവരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് കുട്ടികളെ കുടുംബങ്ങൾക്ക് കൈമാറി.
സംഭവത്തിന് പിന്നിൽ മനുഷ്യക്കടത്തോ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്തവരെ ലക്ഷ്യമിടുന്ന സംഘടിത സംഘമോ പ്രവർത്തിക്കുന്നുണ്ടോയെന്ന ദിശയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കുട്ടികളുമായി ബന്ധപ്പെടാൻ ഉപയോഗിച്ച സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഓൺലൈൻ ഗ്രൂപ്പുകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പൊലിസ് പരിശോധിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.