ന്യുഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വ്യാഴാഴ്ച വൈകീട്ട് ഡൽഹിയിലെത്തും. പുടിന് മോദി വിരുന്നൊരുക്കും.
രാഷ്ട്രപതി ഭവനിൽ ആചാരപരമായ വരവേൽപും ഒരുക്കും. വെള്ളിയാഴ്ച രാവിലെ പുടിൻ രാജ്ഘട്ട് സന്ദർശിക്കും. തുടർന്ന് ഹൈദരാബാദ് ഹൗസിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കും. ഭാരത് മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിലും സംബന്ധിക്കും. രാഷ്ട്രപതി ദ്രൗപതി മുർമു ഔദ്യോഗിക വിരുന്നും സംഘടിപ്പിക്കും.
പുടിന്റെ സുരക്ഷക്കായി 50ഓളം ഉന്നത ഉദ്യോഗസ്ഥർ ഡൽഹിയിലെത്തി. ഡൽഹി പൊലീസ്, എൻ.എസ്.ജി എന്നിവയുടെ പ്രത്യേക സംഘവും സന്ദർശനത്തിന്റെ സുരക്ഷക്കുണ്ട്. അഞ്ച് തലത്തിലാണ് സുരക്ഷസംവിധാനം. പുടിൻ സ്ഥിരം സഞ്ചരിക്കുന്ന, വൻ സുരക്ഷ സംവിധാനങ്ങളുള്ള അത്യാഡംബര ലിമോസിൻ കാറായ ഔറുസ് സെനാത്ത് റഷ്യയിൽനിന്ന് എത്തിക്കും. പ്രതിനിധി സംഘത്തിൽ റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവും ഭാഗമാകും.
റഷ്യയുടെ പ്രസിഡൻഷ്യൽ സെക്യൂരിറ്റി സർവീസിലെ ഉയർന്ന പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ, ഇന്ത്യയുടെ നാഷനൽ സെക്യൂരിറ്റി ഗാർഡിലെ ഉന്നത കമാൻഡോകൾ, സ്നൈപ്പർമാർ, ഡ്രോണുകൾ, ജാമറുകൾ, എ.ഐ മോണിറ്ററിങ് സംവിധാനങ്ങൾ ഉണ്ടാകും.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ബെലോസോവും വ്യാഴാഴ്ച ചർച്ച നടത്തും. എസ്-400 മിസൈൽ സംവിധാനങ്ങൾ വാങ്ങുന്നതും സുഖോയ് 30 യുദ്ധവിമാനങ്ങളുടെ നവീകരണവും റഷ്യയിൽനിന്ന് മറ്റ് നിർണായക സൈനിക ഉപകരണങ്ങൾ വാങ്ങുന്നതും ചർച്ചയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.