ഗുവാഹതി: വിഖ്യാത ഗായകൻ സുബീൻ ഗാർഗിന്റെ മരണം കൊലപാതകമാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സംഗീത സംഘത്തിലെ സഹപ്രവർത്തകനും കേസിലെ പ്രതിയുമായ ശേഖർ ജ്യോതി ഗോസ്വാമി. മാനേജർ സിദ്ധാർഥ് ശർമയും സിംഗപ്പൂരിലെ നേർത്ത് ഇൗസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ മുഖ്യസംഘാടകൻ ശ്യാംകനു മഹന്തയും ചേർന്ന് വിഷം നൽകിയെന്ന് ശേഖർ മൊഴിനൽകിയതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. േശഖറും സിദ്ധാർഥും ശ്യാംകനുവും സംഗീത സംഘത്തിലെ അംഗമായ അമൃതപ്രഭ മഹന്തയും കേസിൽ അറസ്റ്റിലായിരുന്നു. ഇവർ 14 ദിവസത്തെ റിമാൻഡിലാണ്.
കടലിൽ സ്കൂബ ഡൈവിങ്ങിനിടെയാണ് കഴിഞ്ഞ മാസം 19ന് സുബീൻ ഗാർഗ് ദുരുഹസാഹചര്യത്തിൽ മരിച്ചത്. വിഷയത്തിൽ അസം സർക്കാർ ഏകാംഗ ജുഡീഷ്യൽ കമീഷനെ അന്വേഷണത്തിനായി നിയോഗിച്ചു. ഗുവാഹതി ഹൈകോടതിയിലെ ജസ്റ്റിസ് സുമിത്ര സൈകിയ ആറു മാസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകും. ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കും. അസം സി.ഐ.ഡിയാണ് മരണം അന്വേഷിക്കുന്നത്. ശ്യാംകനു മഹന്തയടക്കം പത്ത് പേർക്കെതിരെയാണ് കേസ്. 60 കേസുകളാണ് സംസ്ഥാനത്തൊട്ടാകെ രജിസ്റ്റർ ചെയ്തത്.
മരണത്തിനുമുമ്പ് സുബീൻ ഗാർഗ് കടലിൽ മുങ്ങി ശ്വാസം കിട്ടാതെ പിടയുമ്പോൾ ‘പോകട്ടെ, പോകട്ടെ’ എന്ന് മാനേജർ ഒച്ചയിട്ടതായി ശേഖർ ജ്യോതി മൊഴിനൽകി. നന്നായി നീന്താനറിയാവുന്ന സുബീൻ ഒരിക്കലും മുങ്ങിമരിക്കില്ലെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. മാനേജറും മുഖ്യസംഘാടകനും മറ്റൊരിടത്തുവെച്ച് വിഷം നൽകിയെന്നാണ് മൊഴി. ചെറുവള്ളത്തിലുള്ള സുബീൻ ഗാർഗിന്റെ വിഡിയോ ആർക്കും കൈമാറരുതെന്ന് മാനേജർ കർശന നിർദേശവും നൽകിയെന്ന് ഒമ്പതംഗ പ്രത്യേക അന്വേഷണ സംഘത്തിലെ സീനിയർ എസ്.പി റോസി കലിത സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലും അറസ്റ്റിനുള്ള വിശദ കാരണങ്ങളിലും ചൂണ്ടിക്കാട്ടുന്നു.
മരണം ആകസ്മികമാണെന്ന് സ്ഥാപിക്കാൻ ഗൂഢാലോചന നടത്തിയിരുന്നുവെന്ന് സാക്ഷിമൊഴിയിൽ വെളിപ്പെടുത്തി. സിംഗപ്പൂരിൽ സുബീനൊപ്പം താമസിച്ചിരുന്ന സിദ്ധാർഥ് ശർമ സംശയാസ്പദമായാണ് പെരുമാറിയത്. ഗാർഗിന്റെ വായിൽ നിന്നും മൂക്കിൽ നിന്നും നുര വന്നപ്പോൾ ആസിഡ് റിഫ്ലക്സ് ആണെന്ന് മാനേജർ നിസാരവത്കരിച്ചു.
ഗുവാഹതി: മുൻ ഡി.ജി.പിയും അസമിലെ മുഖ്യ വിവരാവകാശ കമീഷണറുമായ ഭാസ്കർ ജ്യോതി മഹന്തയുടെ ഇളയ സഹോദരനാണ് സുബീൻ ഗാർഗിന്റെ പരിപാടിയുടെ മുഖ്യസംഘാടകനും പ്രതിയുമായ ശ്യാംകനു മഹന്ത. മുഖ്യമന്ത്രിയുടെ വിദ്യാഭ്യാസകാര്യ ഉപദേശകനും ഗുവാഹതി സർവകലാശാല മുൻ വൈസ് ചാൻസലറുമായ നാനി ഗോപാല മഹന്തയാണ് ഇയാളുടെ മറ്റൊരു സഹോദരൻ. അതിനിടെ, സുബീൻ ഗാർഗിന്റെ മൃതദേഹം നാട്ടിൽവെച്ച് പോസ്റ്റ്മോർട്ടം നടത്തിയതിന്റെ റിപ്പോർട്ട് ഭാര്യ ഗരിമ സൈകിയക്ക് പൊലീസ് ഇന്നലെ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.