പലാഷ് മുച്ചാലും സ്മൃതി മന്ദാനയും 

പലാഷിനും അമ്മക്കുമെതിരായ പ്രസ്താവന; സ്മൃതി മന്ദാനയുടെ സുഹൃത്തിനെ വിലക്കി ഹൈകോടതി

ഇന്ത്യൻ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും പലാഷ് മുച്ചാലും തമ്മിലുള്ള വിവാഹം റദ്ദാക്കിയതിനുശേഷം വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളാണ് പലാഷിനും കുടുംബത്തിനും നേരെ ഉയരുന്നത്. വിവാഹ നിശ്ചയത്തിനുശേഷം പലാഷിന്‍റെ പരസ്ത്രീ ബന്ധം മനസ്സിലാക്കിയായിരുന്നു സ്മൃതിയും കുടുംബവും വിവാഹത്തിൽ നിന്നും പിന്മാറിയതെന്നാണ് റിപ്പോർട്ട്.

പലാഷിനും അമ്മക്കുമെതിരെ അപകീർത്തിപരമായ പ്രസ്താവനകളുമായി ചലച്ചിത്ര നിർമാതാവ് വിജ്ഞാൻ മാനെ രംഗത്തു വന്നിരുന്നു. എന്നാൽ അത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നതിൽ നിന്നും ബോംബെ ഹൈകോടതി മാനെക്ക് വിലക്ക് ഏർപ്പെടുത്തി. മാധ്യമ അഭിമുഖങ്ങളിലെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെയും പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

തനിക്കും കുടുംബത്തിനുമെതിരെ നടത്തുന്ന അപകീർത്തികരമായ പ്രസ്താവനകൾ തടയാനും നടത്തുന്നവർക്കെതിരെ കേസെടുക്കാനും ആവശ്യപ്പെട്ടാണ് പലാഷ് കോടതിയെ സമീപിച്ചത്. സ്മൃതി മന്ദാനയുടെ കുട്ടിക്കാലം മുതലുള്ള സുഹൃത്താണ് വിജ്ഞാൻ മാനെ. പലാഷിനൊപ്പം ഒരു സിനിമ സഹനിർമാണം ചെയ്യാമെന്ന് മാനെ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പലാഷ് വലിയൊരു തുക മുടക്കിയെങ്കിലും മാനെ വാഗ്ദാനം ചെയ്ത പണം നൽകിയില്ല. ഇത് ഇരുവരും തമ്മിൽ തർക്കത്തിന് കാരണമായി. അതിനിടയിൽ വിവാഹം റദ്ദാക്കപ്പെട്ടതോടെ മാനെ അഭിമുഖങ്ങൾ നൽകി മനപൂർവം അപമാനിക്കാൻ ശ്രമിച്ചെന്നാണ് പലാഷ് പരാതിയിൽ പറയുന്നത്.

രേഖകൾ പരിശോധിച്ച കോടതി ഇരുവരും തമ്മിൽ സാമ്പത്തിക തർക്കങ്ങളുണ്ടെന്ന് കണ്ടെത്തി. തുടർന്ന് പലാഷിനും അമ്മക്കുമെതിരെ അപകീർത്തപ്പെടുത്തുന്ന പ്രസ്താവനകൾ നടത്തുന്നതിൽ നിന്നും മാനെയെ വിലക്കി. തന്റെ പ്രശസ്തിയും കരിയറും മനഃപൂർവം നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിജ്ഞാൻ മാനെ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ അപകീർത്തിക്കേസിന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമപരമായ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് പലാഷ് പറഞ്ഞു.

Tags:    
News Summary - Bombay HC Directs to Stop Defaming Palaash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.