ന്യൂഡൽഹി: പാർലമെന്റ് സമുച്ചയത്തിലേക്ക് തെരുവുനായെ കാറിൽ കൊണ്ടുവന്നതിനും എം.പിമാർക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിനും കോൺഗ്രസ് രാജ്യസഭാംഗം രേണുക ചൗധരിക്ക് അവകാശലംഘനത്തിന് നോട്ടീസ്. ഫെബ്രുവരി 23നകം ആരോപണങ്ങൾക്ക് മറുപടി നൽകണമെന്ന് രാജ്യസഭാ പ്രിവിലേജസ് കമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ ഡിസംബർ ഒന്നിനാണ്, താൻ രക്ഷപ്പെടുത്തിയ തെരുവുനായെ രേണുക കാറിൽ പാർലമെന്റിൽ കൊണ്ടുവന്നത്. ചില അംഗങ്ങൾ ഈ നടപടിയെ എതിർത്തപ്പോൾ ‘അകത്ത് ഇരിക്കുന്നവരെപോലെ നായകൾ കടിക്കില്ല’ എന്നും കോൺഗ്രസ് നേതാവ് പ്രതികരിച്ചിരുന്നു. ബി.ജെ.പിയുടെ ബ്രിജ് ലാലും ഇന്ദു ബാല ഗോസ്വാമിയുമാണ് നടപടി ആവശ്യപ്പെട്ട് പരാതി നൽകിയത്.
പാലർലമെന്റ് സമുച്ചയത്തിനുള്ളിൽ തെരുവുനായെ കൊണ്ടുവന്ന് സുരക്ഷാ മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്നും മോശം പരാമർശം നടത്തിയെന്നുമായിരുന്നു പരാതി. നിയമങ്ങളും നടപടിക്രമങ്ങളുമനുസരിച്ച് നോട്ടീസിന് മറുപടി നൽകുമെന്ന് രേണുക ചൗധരിയുടെ ഓഫിസ് അറിയിച്ചു. യാത്രാമധ്യേ രക്ഷിച്ച നായെ ഡ്രൈവർ മൃഗഡോക്ടറെ കാണിക്കാൻ കൊണ്ടുപോകാനിരുന്നതാണെന്ന് രേണുക നേരത്തേ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.