വിദ്യാർഥിനികളെ ബലാത്സംഗം ചെയ്യുമെന്ന് എ.ബി.വി.പി ഭീഷണി; മോദിയുടെ ഡൽഹിയിൽ എന്താണ് സംഭവിക്കുന്നതെന്ന് എ.എ.പി

ന്യൂഡൽഹി: ഡൽഹി സർവകലാശാലയിലെ ആൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെ രണ്ട് വനിത വിദ്യാർഥി നേതാക്കൾക്ക് അഖില ഭാരതീയ വിദ്യാർഥി പരിഷത്ത് (എ.ബി.വി.പി) അംഗങ്ങളുടെ ഭീഷണി. ആക്രമിക്കുകയും ബലാത്സംഗം ചെയ്യുമെന്നാണ്  എ.ബി.വി.പി നേതാക്കളുടെ  ഭീഷണി.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോയിൽ, ഡൽഹി പൊലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ വെച്ച് എ.ബി.വി.പി നേതാക്കൾ അഞ്ജലി, നേഹ എന്നിവരെ ഭീഷണിപ്പെടുത്തുന്നത് കാണാം. 'നിങ്ങൾ നേതാവാകാൻ ശ്രമിക്കുകയാണോ?, പരാതി നൽകി നോക്കൂ, നമുക്ക് കാണാം' -എന്ന് അവരിൽ ഒരാൾ വിദ്യാർഥിനികൾക്ക് നേരെ ആക്രോശിക്കുന്നതും കേൾക്കാം.

വിഡിയോയോട് പ്രതികരിച്ചുകൊണ്ട് മുതിർന്ന ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് ഡൽഹിയിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യയുടെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും താമസിക്കുന്ന ഡൽഹിയിൽ എന്താണ് സംഭവിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിയന്ത്രണത്തിലുള്ള ദേശീയ തലസ്ഥാനത്തെ ക്രമസമാധാന നിലയെ അദ്ദേഹം ചോദ്യം ചെയ്തു. 'എ.ബി.വി.പിക്ക് എങ്ങനെയാണ് പൊലീസിന് മുന്നിൽ വിദ്യാർഥി നേതാക്കളെ ഭീഷണിപ്പെടുത്താനും അധിക്ഷേപിക്കാനും കഴിയുക?' എന്നും അദ്ദേഹം ചോദിച്ചു.

ഇതാണോ മോദിയുടെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ലക്ഷ്യമിടുന്നതെന്നും ഡൽഹിയിലെ മാധ്യമ ചാനലുകൾ ഗുരുതരമായ ഒരു വിഷയത്തിൽ മൗനം പാലിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എക്‌സിൽ പങ്കുവെച്ച വിഡിയോയിലൂടെയായിരുന്നു പ്രതികരണം. കേന്ദ്ര സർക്കാറിന്റെ പ്രതിച്ഛായ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ സെൻസിറ്റീവ് വിഷയങ്ങളിൽ മാധ്യമങ്ങൾ അശ്രദ്ധ കാണിക്കുന്നുവെന്നും സഞ്ജയ് സിങ് ആരോപിച്ചു.  

Tags:    
News Summary - Delhi University female students attacked, AAP expresses concern

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.