ഓം ബിർള, താരിഖ് റഹ്മാൻ
ന്യൂഡൽഹി: ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക സംഘത്തെ ലോക്‌സഭാ സ്പീക്കർ ഓം ബിർള നയിക്കും. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും അദ്ദേഹത്തോടൊപ്പമുണ്ടാകും. ഫെബ്രുവരി 17ന് ബംഗ്ലാദേശ് പാർലമെന്റിന് മുന്നിലുള്ള സൗത്ത് പ്ലാസയിൽ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ചീഫ് ഇലക്ഷൻ കമീഷണർ എ.എം.എം. നാസിർ ഉദ്ദീൻ ചടങ്ങുകൾക്ക് മേൽനോട്ടം വഹിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും മറ്റ് ഔദ്യോഗിക തിരക്കുകൾ കാരണം അദ്ദേഹത്തിന് പങ്കെടുക്കാൻ കഴിയില്ല. ഇതിനെത്തുടർന്നാണ് ഓം ബിർളയുടെ നേതൃത്വത്തിലുള്ള സംഘത്തെ അയക്കാൻ തീരുമാനിച്ചത്. ടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി മോദി താരിഖ് റഹ്മാനെ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചിരുന്നു. ചടങ്ങിൽ ഓം ബിർള പങ്കെടുക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും തുടരുന്നതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു.
ശയ്ഖ് ഹസീനയെ സ്ഥാനഭ്രഷ്ടയാക്കിയ ശേഷം നടന്ന തെരഞ്ഞെടുപ്പിൽ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) 209 സീറ്റുകൾ നേടി വൻ വിജയം നേടിയിരുന്നു. 17 വർഷത്തെ പ്രവാസത്തിന് ശേഷമാണ് താരിഖ് റഹ്മാൻ അധികാരത്തിലേക്ക് തിരിച്ചെത്തുന്നത്. അയൽരാജ്യവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും ദക്ഷിണേഷ്യൻ മേഖലയിലെ സമാധാനം ഉറപ്പാക്കുന്നതിനും പുതിയ ബി.എൻ.പി സർക്കാരുമായി ചേർന്നുപ്രവർത്തിക്കാൻ ഇന്ത്യ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് ഉൾപ്പെടെ 13 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ചൈന, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. ബംഗ്ലാദേശിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം എങ്ങനെ മുന്നോട്ട് പോകുമെന്നതിൽ സന്ദർശനം നിർണായകമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.