പ്രഗത്ഭരായ മൂന്ന് യുവാക്കളെ വക്താക്കളാക്കി കോക്രോച്ച് ജനതാ പാർട്ടി

ന്യൂഡൽഹി: ജൂൺ ആറിന് ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന വൻ പ്രതിഷേധത്തിന് മുന്നോടിയായി കോക്രോച്ച് ജനതാ പാർട്ടി തങ്ങളുടെ പുതിയ ദേശീയ വക്താക്കളെ പ്രഖ്യാപിച്ചു. രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ തകർച്ചയ്ക്കും നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കുമെതിരെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. സൗരവ് ദാസ്, വിജേത ദാഹിയ, അശുതോഷ് റാങ്ക എന്നിവരെയാണ് സംഘടന വക്താക്കളായി നിയമിച്ചത്. രാജ്യത്തെ പ്രമുഖ അന്വേഷണാത്മക മാധ്യമപ്രവർത്തകനായ സൗരവ് ദാസാണ് മുഖ്യ വക്താവ്. ഡൽഹിയിലെ വായുമലിനീകരണത്തിനെതിരെ 2025 നവംബറിൽ ഇന്ത്യ ഗേറ്റിൽ നടന്ന ജനകീയ പ്രതിഷേധങ്ങൾക്ക് മുൻകൈ എടുത്തവരിൽ പ്രധാനിയാണ് ഇദ്ദേഹം.

രാഷ്ട്രീയ ഗവേഷകൻ, എഴുത്തുകാരൻ, ചലച്ചിത്ര സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനാണ് വിജേത ദാഹിയ. ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ഹരിയാൻവി ഭാഷയിൽ 'ദരാരേൻ', 'ഓപ്രി പറായി' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 'പവർ ഓഫ് യൂണിവേഴ്‌സ്', 'ടു ഹെൽ വിത്ത് ദാറ്റ് ജോബ്' എന്നീ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്.

ഐ.ഐ.ടി കാൺപൂർ, പ്രശസ്തമായ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം ലണ്ടനിലെ മക്കിൻസി ആൻഡ് കമ്പനിയിൽ മാനേജ്‌മെന്റ് കൺസൾട്ടന്റായി ജോലി ചെയ്യുകയായിരുന്നു അശുതോഷ് റാങ്ക. കഴിഞ്ഞ വർഷം ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം ജയ്പൂർ കേന്ദ്രീകരിച്ച് പരിസ്ഥിതി, വിദ്യാഭ്യാസം, നീറ്റ് പരീക്ഷാ വിവാദം എന്നിവയുമായി ബന്ധപ്പെട്ട ജനകീയ പ്രചാരണങ്ങളിൽ സജീവമാണ്.

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച, സി.ബി.എസ്.ഇ സംവിധാനത്തിലെ ഗുരുതരമായ പാളിച്ചകൾ എന്നിവയ്ക്ക് ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് സംഘടന ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്. സംഘടനയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ ജൂൺ 6-ന് ഡൽഹിയിൽ തിരിച്ചെത്തുന്നതോടെ സമാധാനപരമായ പ്രക്ഷോഭ പരിപാടികൾക്ക് തുടക്കമാകും.

Tags:    
News Summary - Cockroach Janata Party appoints three talented youth as spokespersons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.