2024ൽ സഖ്യസർക്കാർ; കോൺഗ്രസ്​ നയിക്കും -ഖാർഗെ

ന്യൂഡൽഹി: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷമുള്ള സർക്കാറിനെ കോൺഗ്രസ്​ നയിക്കുമെന്നും ബി.ജെ.പിക്ക്​ ഭൂരിപക്ഷം കിട്ടില്ലെന്നും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.

‘‘2024ൽ സഖ്യസർക്കാർ അധികാരത്തിൽ വരും. കോൺഗ്രസ്​ നയിക്കും. അതല്ലെങ്കിൽ ജനാധിപത്യവും ഭരണഘടനയുമൊന്നും ഉണ്ടാവില്ല. അതുകൊണ്ട്​ ഓരോ പാർട്ടിയെയും വിളിക്കുന്നുണ്ട്​, സംസാരിക്കുന്നുണ്ട്​. 2024ലെ തെരഞ്ഞെടുപ്പ്​ എങ്ങനെ ജയിക്കണമെന്ന കാര്യത്തിൽ പാർട്ടിയുടെ കാഴ്ചപ്പാട്​ അവരുമായി പങ്കുവെക്കുന്നുണ്ട്​. എല്ലാ പാർട്ടികളുമായും ചേർന്ന്​ കോൺഗ്രസ്​ നയിക്കും. ഭൂരിപക്ഷം നേടും. ഭരണഘടനയും ജനാധിപത്യവും മാനിച്ച്​ മുന്നോട്ടുനീങ്ങും. 100 മോദിമാരും ഷാമാരും വരട്ടെ. ഇത്​ ഇന്ത്യയാണ്​. ഭരണഘടന അത്രമേൽ ശക്തമാണ്​’’ -നാഗാലാൻഡിൽ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയിൽ ഖാർഗെ പറഞ്ഞു.

അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിലേക്ക്​ പാർട്ടിയെ സജ്ജമാക്കുന്നതിനെക്കുറിച്ചും സഖ്യങ്ങൾ രൂപപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്ന റായ്പുർ പ്ലീനറി സമ്മേളനം വെള്ളിയാഴ്ച തുടങ്ങാനിരിക്കെയാണ്​ ഖാർഗെയുടെ വാക്കുകൾ. ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന്​ കോൺഗ്രസ്​ നേതൃത്വം നൽകുമെന്ന്​ കഴിഞ്ഞ ദിവസം പാർട്ടി വ്യക്തമാക്കിയിരുന്നു. അതേസമയം തൃണമൂൽ കോൺഗ്രസ്​, ഭാരത്​ രാഷ്ട്രസമിതി, ആം ആദ്​മി പാർട്ടി, ജനതദൾ-യു എന്നിവയുടെ ബദൽ നീക്കങ്ങളെ മുൻകൂട്ടി കാണുന്നുവെന്ന സൂചനയും പാർട്ടി നേതാക്കൾ നൽകുന്നു.

പ്രതിപക്ഷ ഐക്യത്തിന്​ കോൺഗ്രസ്​ മുന്നോട്ടുവരണമെന്ന ജനതദൾ-യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ്​ കുമാറിന്‍റെ ആഹ്വാനത്തോട്​ തണുപ്പൻ മട്ടിലാണ്​ കോൺഗ്രസ്​ പ്രതികരിച്ചത്​. ഉത്തരവാദിത്തങ്ങളെക്കുറിച്ച്​ കോൺഗ്രസിനു ബോധ്യമുണ്ടെന്നും ബി.ജെ.പിയെ നേരിടുന്നുവെന്ന്​ പറയുമ്പോൾ തന്നെ ചില കൂട്ടർ രണ്ടുതട്ടിൽ കളിക്കുകയാണെന്നും പാർട്ടി വക്താവ്​ ജയ്​റാം ​രമേശ്​ പറഞ്ഞു. കോൺഗ്രസിന്‍റെ പരാമർശം നിതീഷിനെ ചൊടിപ്പിച്ചു. റായ്പുരിൽ കോൺഗ്രസ്​ നേതൃസമ്മേളനം നടക്കു​മ്പോൾ തന്നെ, പ്രതിപക്ഷ പാർട്ടികളെ ഐക്യ ചർച്ചകൾക്ക്​ അ​തേദിവസം വിളിച്ചിരിക്കുകയാണ്​ നിതീഷ്​ കുമാർ.

Tags:    
News Summary - Coalition Government in 2024; Congress will lead - Kharge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.