ന്യൂഡൽഹി: രാജ്യത്തെ യുവാക്കൾ സമൂഹമാധ്യമങ്ങളിലൂടെ രൂപവത്കരിച്ച ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന കൂട്ടായ്മയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരെ രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്. ഇത്തരം കൂട്ടായ്മകളെ രാജ്യദ്രോഹപരമായി കണ്ട് അക്കൗണ്ടുകൾ പൂട്ടുന്നത് ഫാഷിസമാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ നീക്കത്തെ ഇതിനെ ശക്തമായി എതിർക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
‘തൊഴിലും ഭക്ഷണവും ലഭിക്കാതെ, വിലക്കയറ്റത്തിൽ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ചെറുപ്പക്കാർ തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ സമൂഹ മാധ്യമങ്ങളിൽ ആക്ഷേപഹാസ്യ രൂപത്തിൽ വരുന്നതിൽ യാതൊരു അത്ഭുതവുമില്ല. എന്നാൽ, ഇതുപോലുള്ള നടപടികളെ രാജ്യദ്രോഹപരമായി കണ്ട് അവരുടെ അക്കൗണ്ടുകൾ പൂട്ടുക എന്ന് പറയുന്നത് ഫാഷിസ്റ്റ് സംവിധാനത്തിന് ചേരുന്ന നടപടിയാണ്’ -അദ്ദേഹം പറഞ്ഞു.
‘കോക്രോച്ച് ജനതാ പാർട്ടിയുടെ വിശദാംശങ്ങൾ നമുക്കറിയില്ല. പ്രഥമ ദൃഷ്ടിയിൽ ഇത്തരം കൂട്ടായ്മയുടെ കാരണമെന്താണ്? ഈ രാജ്യത്ത് വീശിയടിക്കുന്ന അസംതൃപ്തിയും രോഷവും ഉണ്ട്. തൊഴിലില്ലായ്മയിലും വിലക്കയറ്റത്തിലും ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. ഞങ്ങൾക്ക് ഈ രാജ്യത്തെ രക്ഷപ്പെടുത്താൻ കഴിയില്ലെന്നും ജനങ്ങൾ വേണമെങ്കിൽ മുണ്ടുമുറുക്കിയുടുത്ത് രാജ്യത്തെ രക്ഷപ്പെടുത്തിക്കൊള്ളൂ എന്ന രൂപത്തിലാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്. കേന്ദ്രസർക്കാർ തന്നെ സുല്ലിട്ടിരിക്കുന്നു. മോദി മെലഡിയുമായി മെലോനിയെ കാണാൻ പോകുന്നു. ഈ രാജ്യത്തെ ജനങ്ങൾക്ക് ന്യായമായ അവകാശങ്ങൾ ലഭിക്കുന്നില്ല, തൊഴിൽ ലഭിക്കുന്നില്ല, ഭക്ഷണം ലഭിക്കുന്നില്ല.
ഇന്ന് തെരുവിൽ പ്രതിഷേധിക്കാൻ പോകുന്ന ചെറുപ്പക്കാരെയും ജനങ്ങളെയും യുഎപിഎ ചുമത്തി ജയിലിലാക്കുന്നു. നോയിഡയിൽ തൊഴിലാളികൾ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി, ന്യായമായ കൂലിക്ക് വേണ്ടി പ്രതിഷേധിച്ചപ്പോൾഅവരെ പിടിച്ച് ജയിലിലാക്കുന്നു. ദേശീയ സുരക്ഷയെ മാത്രം മനസ്സിൽ കണ്ടുകൊണ്ട് ഇതുപോലുള്ള പ്രതിഷേധങ്ങളും ആവിഷ്കാരങ്ങളും തടയുന്നതിനെ ശക്തിയായി ഞങ്ങൾ എതിർക്കും’ -അദ്ദേഹം പറഞ്ഞു.
‘നീറ്റിൽ സംഭവിച്ച കെടുതികളെ കുറിച്ച് രാജ്യം ചർച്ച ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് സിബിഎസ്ഇ പരീക്ഷയിലെ മൂല്യനിർണയവുമായി ബന്ധപ്പെട്ട വലിയ വലിയ പ്രശ്നങ്ങൾ വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്നത്. മൂല്യനിർണയത്തിന് വേണ്ടി സിബിഎസ്ഇ അവലംബിച്ച മാനദണ്ഡങ്ങളും മാർഗ്ഗങ്ങളും പതിനായിരക്കണക്കിന് വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. പൊതുവേ മാർക്ക് ഗണ്യമായി കുറഞ്ഞിരിക്കുന്നു. അവർ നീറ്റും ജെ.ഇ.ഇയും പോലുള്ള മത്സര പരീക്ഷകളിൽ ക്വാളിഫൈ ചെയ്താൽ പോലും മിനിമം മാർക്ക് ഇല്ലാത്ത ഒരു അവസ്ഥയായിരിക്കുന്നു. യഥാർത്ഥത്തിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികളോട് അനീതി ചെയ്തിരിക്കുകയാണ്.
പുനർമൂല്യനിർണയത്തിൽ മുമ്പുണ്ടായിരുന്ന മാനദണ്ഡങ്ങളിൽ കാതലായ മാറ്റം വരുത്തി അവരുടെ മാർക്ക് കുറയുന്ന പുതിയ നിബന്ധനയാണ് കൊണ്ടുവന്നിരിക്കുന്നത്. അതുപോലെ വെബ്സൈറ്റുകൾ എല്ലാം താറുമാറായിരിക്കുന്നു. കുട്ടികൾക്ക് നീതി കിട്ടുന്നില്ല. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് ഞാൻ ഇന്നലെ ഒരു കത്ത് നൽകിയിരുന്നു. പക്ഷേ ഇതുവരെ ഒരു നടപടി എടുത്തിട്ടില്ല. പുനർമൂല്യനിർണയ കാലപരിധി വർധിപ്പിക്കണം. നമ്മുടെ വിദ്യാർത്ഥികൾക്ക് നീതി ലഭിക്കണം. ഇത് സംബന്ധിച്ച് ഉന്നതല അന്വേഷണം നടത്തി ഈ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സത്വര നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണം’ -അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.