ബെയ്ജിങ്: ചൈന ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറാൻ നിരവധി തവണയായി ശ്രമിച്ചത് വൻ വിലയുള്ള പച്ചമരുന്ന് ശേഖരിക്കാനാണെന്ന് ഇൻഡോ പെസഫിക് സെന്റർ ഫോർ സ്ട്രാറ്റജിക് കമ്യുണിക്കേഷൻ. കോർഡിസെപ്സ് എന്ന ചിത്രശലഭപ്പുഴു ഫംഗസ് അഥവാ ഹിമാലയൻ ഗോൾഡ് ശേഖരിക്കാനായാണ് ചൈന ഇന്ത്യയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നത്. ഈ ഹിമാലയൻ ഗോൾഡ് എന്ന പച്ചമരുന്നിന് ചൈനയിൽ വൻ വിലയാണ്.
ചൈനീസ് പട്ടാളക്കാർ അരുണാചൽ പ്രദേശിലേക്ക് അനധികൃതമായി കടന്നുകയറുന്നത് ഈ പച്ചമരുന്ന് തേടിയാണ്. ഇതിന് ചൈനയിൽ സ്വർണത്തിനേക്കാൾ വിലയുണ്ടെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.
ഹിമാലയൻ ഗോൾഡ് എന്നറിയപ്പെടുന്ന ഈ ഫംഗസ് ഇന്ത്യയിലെ ഹിമാലയത്തിലാണ് ധാരളമായി കാണപ്പെടുന്നത്. ചൈനയിലെ ക്വിങ്ഹായ്-ടിബറ്റൻ പീഠഭൂമിയുടെ ഉന്നതങ്ങളിലും ഇവ കാണപ്പെടുന്നുണ്ട്.
2022ൽ കോർഡിസെപ്സിന്റെ മാർക്കറ്റ് വില 1072.50 മില്യൺ യു.എസ് ഡോളറാണ്. കോർഡിസെപ്സിന്റെ വൻ ഉത്പാദകരും കയറ്റുമതിക്കാരും ചൈനയാണ്. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി ചൈനയിലെ ക്വിങ്ഹായിയിൽ കോർഡിസെപ്സ് വിളവെടുപ്പ് കുറഞ്ഞു. വിലയേറെയുള്ള കോർഡിസെപ്സിന് ആവശ്യക്കാരും ഏറെയുണ്ട്.
ശാസ്ത്രീയ തെളിവുകളില്ലെങ്കിലും ചൈനയിൽ വൃക്ക തകരാറുകൾ മുതൽ വന്ധ്യതയടക്കമുള്ള എല്ലാ പ്രശ്നങ്ങൾക്കും കോർഡിസെപ്സാണ് മരുന്നായി ഉപയോഗിക്കുന്നത്. അതിനാൽ തന്നെ ആവശ്യവും വർധിച്ചിരിക്കുകയാണ്. കൂടിയ ആവശ്യവും പരിമിതമായ വിഭവങ്ങളും ഫംഗസിന്റെ അമിത വിളവെടുപ്പിന് ഇടയാക്കിയെന്ന് വിദഗ്ധർ പറയുന്നു.
ടിബറ്റൻ പീഠഭൂമിലയിലെ വീടുകളിലെ 80 ശതമാനത്തിന്റെയും വരുമാനം കോർഡിസെപ്സ് ഫംഗസ് വിൽപ്പനയിലൂടെയാണ് ലഭിക്കുന്നത്. ഇങ്ങനെ വിലയേറെയുള്ള കോർഡിസെപ്സ് ലഭിക്കാനാണ് ചൈനയുടെ കടന്നുകയറ്റ ശ്രമങ്ങളെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.