ഗുവാഹത്തി: പടിഞ്ഞാറൻ മ്യാൻമറിലെ ചിൻ സംസ്ഥാനത്തെ മുഖ്യമന്ത്രി സലൈ ലിയാൻ ലിവായ് മിസോറാമിൽ അഭയം തേടി. മിസോറാം തലസ്ഥാനമായ ഐസ്വാളിൽ നിന്ന് 185 കിലോമീറ്റർ അകലെയുള്ള അതിർത്തി നഗരമായ ചമ്പായി വഴി തിങ്കളാഴ്ച രാത്രിയാണ് ലിവായ്യും കൂട്ടരും അതിർത്തി കടന്ന് എത്തിയതെന്ന് ആഭ്യന്തര വകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
മ്യാൻമറിലെ സൈനിക അട്ടിമറിയെ തുടർന്നാണ് 2016ൽ ചിൻ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി നിയമിതനായ ലുവായ് മിസോറാമിൽ അഭയം തേടിയെത്തിയത്. മിസോറാമിന്‍റെ അഞ്ച് ജില്ലകളുമായി 510 കിലോമീറ്റർ അതിർത്തി പങ്കിടുന്ന മ്യാൻമർ സംസ്ഥാനമാണ് ചിൻ. മണിപ്പുർ, ബംഗ്ലാദേശ് എന്നിവയായും ചിൻ അതിർത്തി പങ്കിടുന്നുണ്ട്. ഫെബ്രുവരി മുതൽ ചിൻ സംസ്ഥാനത്തുനിന്ന് 9.247 പേരാണ് മിസോറാമിൽ അഭയം തേടിയെത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് അഭയം തേടിയവരിൽ ലുവായ് ഉൾപ്പെടെ 25 നിയമസഭാംഗങ്ങളെങ്കിലും ഉണ്ടെന്നാണ് വിവരം. ചമ്പായ് ജില്ലയിൽ 3,856 പേരും ഐസ്വാളിൽ 1,633 പേരും ലോങ്‌റ്റ്‌ലായ് ജില്ലയിൽ 1,297 പേരും സിയാഹ ജില്ലയിൽ 633 പേരും ഹന്നാത്തിയൽ ജില്ലയിൽ 478 പേരും ലുങ്ലീ ജില്ലയിൽ 167 പേരും സെർചിപ്പ് ജില്ലയിൽ 143 പേരും സെയ്റ്റ്വൽ ജില്ലയിൽ112 പേരും കൊളാസിബ് ജില്ലയിൽ 36 പേരും ഖവ്സ്വാൾ ജില്ലയിൽ28 പേരും ഉണ്ടെന്നാണ് മിസോറാം ആഭ്യന്തര വകുപ്പ് പുറത്തുവിട്ട കണക്ക്. സംസ്ഥാനത്ത് അഭയം പ്രാപിച്ച മ്യാൻമർ പൗരന്മാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് മിസോറാം മുഖ്യമന്ത്രി സോറാംതാങ്ക കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.