ബിഹാറിലും സമരം; മന്ത്രിയുടെ രാജി ആവശ്യവുമായി ഉദ്യോഗാർഥികൾ

പട്ന: ബിഹാറിൽ വിദ്യാഭ്യാസ മന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും രാജി ആവശ്യവുമായി പ്രതിഷേധം കനക്കുന്നു. സ്കൂൾ, കോളജ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന സമരങ്ങളുടെ തുടർച്ചയായി സർക്കാറിനെ പ്രതിസന്ധിയിലാക്കി അധ്യാപക ഉദ്യോഗാർഥികളും സമരരംഗത്തിറങ്ങി. ബിഹാർ പി.എസ്.സിക്കുകീഴിലെ അധ്യാപക നിയമന പരീക്ഷയുടെ വിജ്ഞാപനം 24 മണിക്കൂറിനുള്ളിൽ പുറത്തിറക്കണമെന്ന ആവശ്യവുമായാണ് രംഗത്തെത്തിയത്. അല്ലാത്തപക്ഷം വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും മുന്നറിയിപ്പ് നൽകി.

അസിസ്റ്റന്റ് പ്രഫസർ നിയമനം നടത്തുക, സർക്കാർ സർവിസുകളിലെ നിയമനത്തിലെ ക്രമക്കേടുകൾ പരിഹരിക്കുക എന്നീ ആവശ്യവുമായി പട്നയിൽ ഒരുവിഭാഗം ഉദ്യോഗാർഥികൾ നടത്തുന്ന സമരം ഇതിനകം രണ്ടാഴ്ച പിന്നിട്ടു. ഉന്നത വിദ്യാഭ്യാസ മന്ത്രി സഞ്ജയ് സിങ് ടൈഗറും, അഡീഷനൽ ചീഫ് സെക്രട്ടറി ദീപക് കുമാറും രാജിവെക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇതിനിടെയാണ് പ്രതിസന്ധി വർധിപ്പിച്ച് സ്കൂൾ അധ്യാപക നിയമന പരീക്ഷയുടെ പേരിൽ വലിയൊരു വിഭാഗം രംഗത്തിറങ്ങിയത്.

ഝാർഖണ്ഡിൽ വിവാദ പരീക്ഷകൾ റദ്ദാക്കി രണ്ടാംഘട്ട സമരത്തിന് ആഹ്വാനം; സി.ബി.ഐ അന്വേഷണം ആവശ്യങ്ങളിൽ ഉറച്ച് ഉദ്യോഗാർഥികൾ

റാഞ്ചി: ഝാർഖണ്ഡിൽ വിദ്യാർഥികൾ നടത്തിയ പ്രക്ഷോഭത്തിനൊടുവിൽ വിവാദ പരീക്ഷകളും നിയമനങ്ങളും റദ്ദാക്കിയെങ്കിലും സമരത്തിന് പൂർണ വിരാമമാകുന്നില്ല. ഝാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമീഷൻ -കൈമ്പൻഡ് ഗ്രാജ്വേറ്റ് ലെവൽ (ജെ.എസ്.എസ്.സി-സി.ജി.എൽ) ഉൾപ്പെടെ ഔട്ട്‌സോഴ്‌സിങ് ഏജൻസിയായ ടി.എസ്.ആർ ഡേറ്റ പ്രോസസിങ് പ്രൈവറ്റ് ലിമിറ്റഡ് (ടി.ഡി.പി.എൽ) നടത്തിയ നിയമന പരീക്ഷകൾ റദ്ദാക്കാനുള്ള തീരുമാനം തിങ്കളാഴ്ച രാത്രിയാണ് സർക്കാർ പ്രഖ്യാപിച്ചത്.

ഇതിന് പിന്നാലെ ഝാർഖണ്ഡ് ലോക് താന്ത്രിക് ക്രാന്തികാരി മോർച്ച (ജെ.എൽ.കെ.എം) നേതാവ് ദേവേന്ദ്ര മഹാതോ 16 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു. എന്നാൽ, സമരം അവസാനിച്ചിട്ടില്ലെന്നും അഴിമതിയില്ലാത്ത നിയമന പരീക്ഷകൾ ഉറപ്പാക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സി.ബി.ഐ അന്വേഷണമെന്ന ആവശ്യത്തിൽനിന്നും പ്രക്ഷോഭകർ പിൻമാറിയിട്ടില്ല.

ജെ.പി.എസ്.സി-ജെ.എസ്.എസ്.സി അഭിയാർഥി റിഫോം മഞ്ചിന്റെ നേതൃത്വത്തിൽ സമരത്തിന്റെ രണ്ടാംഘട്ടം ഉടൻ ആരംഭിക്കുമെന്ന് മഹാതോ റാഞ്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഭാവിയിലെ നിയമന പരീക്ഷകളിൽ പേപ്പർ ചോർച്ചയോ മറ്റു ക്രമക്കേടുകളോ ഉണ്ടാകില്ലെന്ന് സർക്കാർ ഔദ്യോഗികമായി ഉറപ്പ് നൽകണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യം. തിങ്കളാഴ്ച മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചത്.

ഝാർഖണ്ഡ്: ജെ.എസ്.എസ്.സി സെക്രട്ടറിയെ ചോദ്യം ചെയ്തു

റാഞ്ചി: ഝാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമീഷൻ (ജെ.എസ്.എസ്.സി) നടത്തിയ റിക്രൂട്ട്മെന്റ് പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കമീഷൻ സെക്രട്ടറി സുധീർ ഗുപ്തയെ സി.ഐ.ഡി ചോദ്യം ചെയ്തു. തിങ്കളാഴ്ച ജെ.എസ്.എസ്.സി ഓഫിസിൽ നടത്തിയ റെയ്ഡിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഗുപ്തയെ ചോദ്യം ചെയ്തത്.

കേസിൽ ആരോപണവിധേയനായ അഭയ് തിവാരിയുടെ സഹോദരൻ അക്ഷയ് തിവാരിയെയും ഭാര്യയെയും സി.ഐ.ഡി ചോദ്യം ചെയ്തു. ഗോഡ്ഡ ജില്ലയിലെ പൊരിയാഹട്ടിൽ ബ്ലോക്ക് സപ്ലൈ ഓഫിസറായി ജോലി ചെയ്തിരുന്ന അഭയ് തിവാരിയെ ജൂലൈ 22നാണ് സി.ഐ.ഡി അറസ്റ്റ് ചെയ്തത്. പരീക്ഷകളുടെ പുറംകരാർ ഏജൻസിയായ ടി.എസ്.ആർ ഡേറ്റ പ്രൊസസിങ് പ്രൈവറ്റ് ലിമിറ്റഡിൽ (ടി.ഡി.പി.എൽ) മുമ്പ് മാർക്കറ്റിങ് മാനേജ്മെന്റ് ജീവനക്കാരനായിരുന്ന ഇയാൾ കഴിഞ്ഞ 13 വർഷത്തിനിടെ 12 മത്സരപരീക്ഷകളിൽ യോഗ്യത നേടിയതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളുടെ അപേക്ഷകൾ, രേഖകൾ, മൂല്യനിർണയ വിവരങ്ങൾ, തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ എന്നിവ ഉൾപ്പെടെയുള്ള രേഖകൾ സി.ഐ.ഡി പരിശോധിച്ചുവരുകയാണ്.

Tags:    
News Summary - Protest in Bihar too; Aspirants demand minister's resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.