ന്യൂഡൽഹി: ഏറെ വിവാദമായ കോവിഡ് കാലത്ത് തുടങ്ങിയ പി.എം കെയർ ഫണ്ടിന്റെ കണക്കുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് ഒടുവിൽ പുറത്തുവിട്ടു. 2020 മാർച്ചിൽ കോവിഡ് കാലത്ത് തുടങ്ങിയ ഫണ്ടിന്റെ കണക്കാണ് മുറവിളിക്കൊടുവിൽ പുറത്തുവരുന്നത്.
അത് പ്രകാരം 2025 മാർച്ച് 31ന് 8,452 കോടി രൂപയാണ് ഫണ്ടിൽ ബാക്കിയിരിപ്പുള്ളത്. ദുരന്തമുഖത്ത് അടിയന്തിര സഹായത്തിനായി മോദി ആവിഷ്കരിച്ച ഫണ്ടിന്റെ 0.01 ശതമാനം പോലും ചെലവിട്ടിട്ടില്ലെന്ന് വിവരാവകാശ പ്രവർത്തക അഞ്ജലി ഭരദ്വാജ് കുറിച്ചു. 2023-24, 2024-25 വർഷങ്ങളുടെ കണക്കുകളാണ് പുറത്തുവിട്ടത്. 2024-25 സാമ്പത്തിക വർഷത്തിൽ 1200 കോടി രൂപ കിട്ടിയപ്പോൾ ആകെ ചെലവിട്ടത് 87 ലക്ഷം രൂപയാണ്.
കണക്കുകൾ സംബന്ധിച്ച് തുടക്കം മുതൽ ദുരൂഹത നിറഞ്ഞ് നിൽക്കുന്ന സംവിധാനമാണ് പി.എം കെയർ ഫണ്ട്. 2000ൽ കോവിഡ് കാലത്ത് രജിസ്റ്റർ ചെയ്ത ട്രസ്റ്റാണിതെന്ന് വെബ്സൈറ്റിൽ വ്യക്തമാക്കുന്നു. അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പറയുന്നുണ്ട്.
പ്രധാനമന്ത്രി ചെയർമാനും ആഭ്യന്തര, പ്രതിരോധ, ധനകാര്യമന്ത്രി എന്നിവർ എക്സ് ഒഫീഷ്യോ അംഗങ്ങളുമാണ്. പ്രധാനമന്ത്രി നാമനിർദേശംചെയ്ത രണ്ട് അംഗങ്ങൾ വേറെയും. ഫണ്ടിലേക്കുള്ള സംഭാവനകൾക്ക് മറ്റു സർക്കാർ ജീവകാരുണ്യ ഫണ്ടുകളെപ്പോലെ നൂറുശതമാനം ആദായ നികുതിയിളവ് ലഭിക്കും. വിദേശസംഭാവന നിയമമനുസരിച്ച് അതിവേഗം നൽകിയ അംഗീകാരമുണ്ടിതിന്. 2013ലെ കമ്പനി നിയമം പി.എം കെയേഴ്സ് ഫണ്ടിനുവേണ്ടി മാത്രം ഭേദഗതിചെയ്ത് കമ്പനികൾ നൽകുന്ന സാമൂഹികബാധ്യത സംഭാവനകൾക്കും ഇതിനെ യോഗ്യമാക്കിയിരുന്നു. ഇങ്ങനെ പാർലമെന്റ് പാസാക്കിയ നിയമമനുസരിച്ച് കേന്ദ്രസർക്കാർ രൂപവത്കരിച്ചതാണ് ഈ സംവിധാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.