സുപ്രീംകോടതി
ന്യൂഡൽഹി: പ്രതികളുടെ ഫോട്ടോകളും വിഡിയോകളും പൊലീസ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനെതിരെ സംരക്ഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ കേന്ദ്ര സർക്കാറിന്‍റെയും സമൂഹ മാധ്യമ സ്ഥാപനങ്ങളുടെയും പ്രതികരണം തേടി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചി, വി. മോഹന എന്നിവരും അടങ്ങുന്ന ബെഞ്ച് പ്രതികരണം തേടി കേന്ദ്രത്തിനും മെറ്റക്കും എക്‌സിനും നോട്ടീസ് അയച്ചു.
അതേസമയം, ഡിജിറ്റൽ സംവിധാനത്തിലേക്ക് കടന്നുകഴിഞ്ഞാൽ ഫോട്ടോയും വിഡിയോയും ഉൾപ്പെടെയുള്ള ഉള്ളടക്കത്തെ നിയന്ത്രിക്കുക എളുപ്പമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അടച്ചുപൂട്ടാൻ അതിർത്തിയല്ല ഇതെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. നേരത്തേ സമർപ്പിച്ച ഹരജി 2026 മാർച്ചിൽ പിൻവലിച്ച് വിപുലീകരിച്ച് ഹരജിക്കാരൻ സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. സമൂഹ മാധ്യമ പ്ലാറ്റ്‍ഫോമുകളെ കക്ഷി ചേർത്തിട്ടുണ്ടെന്ന് ഹരജിക്കാരനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ അറിയിച്ചു.
പ്രതികളുടെ ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യുന്ന വിഷയങ്ങൾ മെറ്റയും എക്‌സും പോലുള്ള സമൂഹ മാധ്യമ പ്ലാറ്റ്‍ഫോമുകളുടെ നയത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ചില ഹൈകോടതികൾ ഈ വിഷയത്തിൽ മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും പൊലീസ് പ്രചരിപ്പിക്കുന്ന ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്യാൻ ഏകീകൃത സംവിധാനം ആവശ്യമാണെന്നും അഭിഭാഷകൻ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.