ന്യൂഡൽഹി: എല്ലാവര്‍ക്കും അഭിപ്രായപ്രകടനത്തിനും ആവിഷ്‍കാര സ്വാതന്ത്ര്യത്തിനും അവകാശമുണ്ടെങ്കിലും ഇപ്പോഴാണോ ഇതെല്ലാം സംസാരിക്കേണ്ട സമയമെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്ത്. ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിമർശനത്തിന്റെ പേരിൽ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്ത അശോക സർവകലാശാലയിലെ അസോസിയേറ്റ് പ്രഫ. അലി ഖാൻ മഹ്മൂദാബാദിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതിന്റെ വാദത്തിനിടെയായിരുന്നു ജഡ്ജിയുടെ ചോദ്യം. പാകിസ്താൻ ആക്രമണത്തെ അപലപിച്ചും യുദ്ധത്തെ വിമർശിച്ചും സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിനാണ് പ്രഫസറെ അറസ്റ്റ് ചെയ്തത്.
‘ചെകുത്താന്മാർ വന്ന് നമ്മുടെ ജനങ്ങളെ ആക്രമിച്ചു. നമ്മള്‍ ഒന്നിക്കണം. ഈ സമയത്ത് എന്തിനാണ് വിലകുറഞ്ഞ പ്രശസ്തി ആഗ്രഹിക്കുന്നത്? എല്ലാവര്‍ക്കും അഭിപ്രായപ്രകടനത്തിനും ആവിഷ്‍കാര സ്വാതന്ത്ര്യത്തിനും അവകാശമുണ്ടെങ്കിലും ഇപ്പോഴാണോ ഇതെല്ലാം സംസാരിക്കേണ്ട സമയം?’ ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. കേസുമായി ബന്ധപ്പെട്ട വിഷയത്തിൽ ലേഖനങ്ങൾ എഴുതുകയോ ഓൺലൈൻ പോസ്റ്റുകൾ ഇടുകയോ പ്രസംഗിക്കുകയോ ചെയ്യരുതെന്നും പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നുമുള്ള വ്യവസ്ഥയോടെയാണ് പ്രഫ. അലി ഖാൻ മഹ്മൂദാബാദിന് ജാമ്യം അനുവദിച്ചത്.
കേസിൽ എഫ്.ഐ.ആർ സ്റ്റേ ചെയ്യാൻ ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച് വിസമ്മതിച്ചു. നിലവിൽ കേസ് അന്വേഷിക്കുന്ന ഹരിയാന പൊലീസിന് പകരം ഹരിയാന, ഡൽഹി പൊലീസിൽ ഉൾപ്പെടാത്ത മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കാനും ഉത്തരവിട്ടു.
‘കേണൽ സോഫിയ ഖുറേഷിക്കുവേണ്ടി കൈയടിക്കുന്ന വലതുപക്ഷം ആൾക്കൂട്ട കൊലപാതകത്തിന്റെ ഇരകൾക്കും സ്വത്തുക്കൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കപ്പെടുന്ന മനുഷ്യർക്കും സംരക്ഷണം ആവശ്യപ്പെടണം’’ എന്ന പോസ്റ്റിന് പിന്നാലെയാണ് സോണിപത് അശോക സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം തലവൻ അലി ഖാൻ മെഹമൂദാബാദിനെതിരെ തീവ്ര വലതുപക്ഷം രംഗത്തുവന്നത്. ബി.ജെ.പി, യുവമോർച്ച നേതാക്കളും ഹരിയാന വനിത കമീഷൻ ചെയർപേഴ്സൻ ഉൾപ്പെടെയുള്ളവരും നൽകിയ പരാതിയെ തുടർന്നാണ് ഇദ്ദേഹത്തെ ഡൽഹിയിൽനിന്ന് പൊലീസ് അറസ്റ്റുചെയ്തത്. പരാമർശത്തിനെതിരെ ഹരിയാന സംസ്ഥാന വനിത കമീഷൻ അലി ഖാന് നോട്ടീസ് അയച്ചിരുന്നു. രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ചതിനെതുടർന്ന് ഹരിയാനയിലെ കോടതിയിൽ ഹാജരാക്കിയ മഹ്മൂദാബാദിനെ കഴിഞ്ഞ ദിവസം 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. അറസ്റ്റിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയടക്കം നിരവധിപേർ രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.