ന്യൂഡൽഹി: ‘പഞ്ചാബ് കേസരി’ പത്രത്തിനെതിരായ പഞ്ചാബ് സർക്കാറിന്റെ കടുത്ത നടപടികൾക്കെതിരെ സുപ്രീം കോടതി. പത്രം പ്രസിദ്ധീകരിക്കുന്നതിനെതിരെ നിർബന്ധിത നടപടി പാടില്ലെന്ന് പഞ്ചാബ് സർക്കാറിനോടും മലിനീകരണ നിയന്ത്രണ ബോർഡിനോടും കോടതി നിർദേശിച്ചു. പഞ്ചാബ് കേസരി ഉടമകൾ സമർപ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി, ജസ്റ്റിസ് വിപുല്‍ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് അടിയന്തരമായി പരിഗണിച്ചത്. ഇതുസംബന്ധിച്ച് പഞ്ചാബ്-ഹരിയാന ഹൈകോടതിയിലെ ഹരജിയിലെ വിധി വന്നാലും ഒരാഴ്ചത്തേക്ക് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് പ്രാബല്യത്തിൽ തുടരുമെന്ന് കോടതി പറഞ്ഞു.
ജല മലിനീകരണമടക്കമുള്ള നിയമലംഘനങ്ങളുടെ പേരിലാണ് പത്രസ്ഥാപനത്തിലേക്കുള്ള വൈദ്യുതി വിതരണം മലിനീകരണ നിയന്ത്രണ ബോർഡ് വിച്ഛേദിച്ചത്. പ്രിന്റിങ് പ്രസുകൾ തടസ്സമില്ലാതെ പ്രവർത്തിക്കുന്നത് തുടരണമെന്ന് കോടതി ഉത്തരവിട്ടു. പത്ര ഉടമകളുടെ ഹോട്ടലടക്കമുള്ള വാണിജ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ തൽസ്ഥിതി തുടരും.
അസാധാരണമായ സാഹചര്യമാണ് സംസ്ഥാനത്തെന്ന് പത്ര ഗ്രൂപ്പിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി പറഞ്ഞു. സർക്കാറിനെ വിമർശിക്കുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിനെത്തുടർന്നാണ് പീഡനമെന്നും അദ്ദേഹം വാദിച്ചു. ലേഖനം പ്രസിദ്ധീകരിച്ചതിനുശേഷം മാനേജ്മെന്റിനെതിരെ പ്രതികാര നടപടി തുടങ്ങുകയായിരുന്നെന്ന് റോഹ്തഗി ചൂണ്ടിക്കാട്ടി. വൈദ്യുതിബന്ധം വിച്ഛേദിക്കൽ, മലിനീകരണ നിയന്ത്രണ ബോർഡിന്റെ നോട്ടീസുകൾ, പത്ര ഉടമകൾ നടത്തുന്ന ഹോട്ടലുകൾ പൂട്ടൽ, വിവിധ കേസുകൾ എന്നിവയാണ് നേരിടുന്നത്.
ഇത്തരം നടപടികൾ വെറും രണ്ട് ദിവസത്തിനുള്ളിൽ സംഭവിക്കാൻ കാരണം സർക്കാറിന് അനുകൂലമല്ലാത്ത ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിനാലാണെന്നും റോഹ്തഗി ചൂണ്ടിക്കാട്ടി. അതേസമയം, നിയമമനുസരിച്ചുള്ള നടപടിയാണെടുത്തതെന്ന് സംസ്ഥാന സർക്കാർ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.