കൊൽക്കത്ത: തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്.ഐ.ആർ) ജനങ്ങളെ ദ്രോഹിക്കുന്നെന്ന് ആരോപിച്ച് പശ്ചിമ ബംഗാളിൽ ജനം തെരുവിൽ. റോഡുകൾ തടഞ്ഞും ടയറുകൾ കത്തിച്ചും പ്രതിഷേധക്കാർ വിവിധയിടങ്ങളിൽ രംഗത്തിറങ്ങി.
സൗത്ത് 24 പർഗാനാസ്, നോർത്ത് 24 പർഗാനാസ്, ജാർഗ്രാം, കിഴക്കൻ മേദിനിപൂർ എന്നിവിടങ്ങളിൽ പൊലീസ് വിന്യാസം ശക്തിപ്പെടുത്തി. റോഡ് തടഞ്ഞെങ്കിലും സ്ഥിതി നിയന്ത്രണാധീനമാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ബംഗാളിലെ എസ്.ഐ.ആർ പ്രക്രിയ സുതാര്യമായിരിക്കണമെന്നും ജനങ്ങൾക്ക് ബുദ്ധിമുട്ടാകരുതെന്നും സുപ്രീംകോടതി നിരീക്ഷിച്ചതിന്റെ പിറ്റേന്നാണ് പ്രതിഷേധം തെരുവിലേക്ക് നീണ്ടത്.
സാധുവായ രേഖകളുണ്ടായിട്ടും പലതരത്തിൽ ഹിയറിങ് നോട്ടീസ് നൽകുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. കിഴക്കൻ മേദിനിപൂരിലെ ഹാൽദിയ ദേഭോഗ് ഗ്രാമപഞ്ചായത്തിൽ മനോഹർപൂരിലെ 269ാം നമ്പർ ബൂത്തിൽ 1248 വോട്ടർമാരുള്ളതിൽ 650 പേർക്കും ഹിയറിങ് നോട്ടീസ് ലഭിച്ചതായും ഭൂരിഭാഗവും ന്യൂനപക്ഷ സമുദായങ്ങളിലുള്ളവരാണെന്നും നാട്ടുകാർ ആരോപിച്ചു.
ഹിയറിങ്ങിന് വന്നവരിലേറെയും മുസ്ലിം സമുദായത്തിൽ പെട്ടവരായിരുന്നുവെന്ന് പ്രതിഷേധക്കാർ പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷൻ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി. ഡിസംബർ 16ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ വോട്ടർമാരുടെ എണ്ണം 7.66 കോടിയിൽനിന്ന് 7.08 കോടിയായി കുറഞ്ഞിരുന്നു. 58 ലക്ഷത്തിലധികം പേരുകളാണ് സംസ്ഥാനത്ത് വോട്ടർപട്ടികയിൽനിന്ന് നീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.