ന്യൂഡൽഹി: രാജ്യത്ത് പയറുവർഗങ്ങളുടെ ഉത്പാദനം വർധിപ്പിച്ച് സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി ജീനോം എഡിറ്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പുതിയ ഇനം പയറുവർഗങ്ങൾ വികസിപ്പിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു. അടുത്ത ആറ് വർഷത്തിനുള്ളിൽ (2030-31 വരെ) 15 ജീനോം എഡിറ്റ് ചെയ്ത പയറിനങ്ങൾ പുറത്തിറക്കാനാണ് കൃഷി മന്ത്രാലയം ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ 11ന് ഉദ്ഘാടനം ചെയ്ത 'മിഷൻ ഫോർ ആത്മനിർഭാരത ഇൻ പൾസസ്'ന്റെ പ്രവർത്തന മാർഗനിർദേശങ്ങൾ കൃഷി മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയിരുന്നു. ഈ മിഷന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് ജീനോം എഡിറ്റ് ചെയ്ത പയറുവർഗങ്ങളുടെ വികസനവും പ്രകാശനവും. 2025-26 മുതൽ 2030-31 വരെ, ആറ് വർഷത്തിനുള്ളിൽ ഈ പദ്ധതി നടപ്പിലാക്കും. 11,440 കോടി രൂപയാണ് സാമ്പത്തിക വിഹിതം.
2023-24ലെ 242 ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 2030-31ഓടെ ഉത്പാദനം 45 ശതമാനം വർധിപ്പിച്ച് 350 ലക്ഷം മെട്രിക് ടണ്ണായി ഉയർത്തുകയാണ് ലക്ഷ്യം. മിഷന്റെ ഭാഗമായി തുവര, ഉഴുന്ന്, ചുവന്ന പരിപ്പ് എന്നീ മൂന്ന് പ്രധാന പയറുവർഗങ്ങളുടെ ജീനോം എഡിറ്റ് ചെയ്ത 15 ഇനങ്ങൾ വികസിപ്പിക്കാനാണ് മന്ത്രാലയം ഉദേശിക്കുന്നത്. 2028-2029 കാലയളവിൽ ഈ മൂന്ന് പയറുവർഗങ്ങളുടെയും 6 ജീനോം എഡിറ്റ് ചെയ്ത ഇനങ്ങൾ (ഓരോന്നിന്റെയും രണ്ട് വീതം) പുറത്തിറക്കാൻ പദ്ധതിയുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐ.സി.എ.ആർ) വഴി ഈ ലക്ഷ്യം കൈവരിക്കാൻ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. തുടർന്ന് മറ്റ് വർഷങ്ങളിലും ഇതിന്റെ വികസനം തുടരും.
ജീനോം എഡിറ്റിങ്ങിന് പുറമെ പയറുവർഗങ്ങളിലെ ഉത്പാദനം വർധിപ്പിക്കുന്നതിന് മറ്റു ചില മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിക്കും. കൂടുതൽ വിളവ് നൽകുന്നതും ഹ്രസ്വകാല വിളകളും ഹൈബ്രിഡ് ഇനങ്ങളും വികസിപ്പിക്കും. കാലാവസ്ഥാ മാറ്റങ്ങളെയും കീടങ്ങളെയും പ്രതിരോധിക്കാൻ ശേഷിയുള്ള ഇനങ്ങൾക്ക് മുൻഗണന നൽകും. പ്രധാന പയർ ഉൽപാദന സംസ്ഥാനങ്ങളിൽ പുതിയ ഇനങ്ങളുടെ പരീക്ഷണങ്ങൾ നടത്തും.
ജീനോം എഡിറ്റഡ് ഇനങ്ങളുടെ വികസനത്തിനായി ഗവേഷണ സ്ഥാപനങ്ങൾക്ക് പ്രത്യേക സാമ്പത്തിക സഹായം നൽകാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ജീനോം എഡിറ്റിങ് വഴി വികസിപ്പിച്ചെടുത്ത രണ്ട് ഇനങ്ങൾ പുസ ഡി.എസ്.ടി-1, ഡി.ആർ.ആർ. ധൻ 100 (കമല) മേയ് മാസത്തിൽ പുറത്തിറക്കിയതിന് പിന്നാലെയാണ് പയറുവർഗങ്ങളിലെ ഈ പുതിയ മിഷൻ പ്രഖ്യാപനം വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.