പരിക്കേറ്റ വിദ്യാർഥി
ലക്നൗ: ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ ഹോംവർക്ക് പൂർത്തിയാക്കിയില്ലെന്ന കാരണത്താൽ പത്തുവയസ്സുകാരനെ അധ്യാപകൻ ക്രൂരമായി മർദിച്ചു. വിദ്യാർഥിയെ ഇംഗ്ലീഷ് അധ്യാപകനായ പ്രഖർ സിങ് 150 തവണ ചൂരൽ കൊണ്ട് അടിച്ചതായാണ് പരാതി. കുട്ടിയുടെ കാലുകളിൽ മർദനമേറ്റ ആഴത്തിലുള്ള പാടുകളും വീക്കവുമുണ്ട്.
കർണൈൽഗഞ്ച് ഏരിയയിലെ എം.ആർ.ജി സ്‌കൂളിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ വിദ്യാർഥി മുടന്തി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ പരിശോധിച്ചപ്പോഴാണ് ശരീരമാസകലം തല്ലേറ്റ പാടുകൾ കണ്ടത്. തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. മർദനത്തിന് ശേഷം വിവരം പുറത്തുപറയരുതെന്ന് അധ്യാപകൻ കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പിതാവ് ആരോപിച്ചു. വിവരം രഹസ്യമാക്കി വെക്കാൻ കുട്ടിക്ക് ബിസ്കറ്റ് നൽകി പ്രലോഭിപ്പിക്കുകയും, ആരോടെങ്കിലും പറഞ്ഞാൽ വീണ്ടും തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവം വിവാദമായതോടെ സ്‌കൂൾ മാനേജ്‌മെന്റ് അധ്യാപകനെതിരെ നടപടിയെടുത്തിട്ടുണ്ട്. പ്രഖർ സിങിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചു. കുട്ടിയുടെ സുരക്ഷയ്ക്കും അച്ചടക്കത്തിനും മുൻഗണന നൽകുന്നതായും ഇത്തരം നടപടികൾ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടിയുടെ പിതാവിന്റെ പരാതിയിൽ പൊലീസ്, ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) 115(2), 351(3), 352 എന്നീ വകുപ്പുകൾ പ്രകാരം അധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥൻ അഭിഷേക് ദബാച്ച സ്ഥിരീകരിച്ചു. പൊലീസ് കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.