ന്യൂഡൽഹി: അംബേദ്കർ പഠനങ്ങൾക്കും ദലിത്^ ന്യൂനപക്ഷ ഗവേഷണങ്ങൾക്കുമുള്ള ധനസഹായം നിർത്താൻ കേന്ദ്ര സർക്കാർ യൂനിവേഴ്സിറ്റി ഗ്രാൻറ് കമീഷന് (യു.ജി.സി) നിർദേശം നൽകി.
ബി.ആർ. അംബേദ്കർ ഫിലോസഫി, സെൻറർ ഫോർ സ്റ്റഡി സോഷ്യൽ എക്സ്ക്ലൂസിവ് ആൻഡ് ഇൻക്ലൂസിവ് പോലുള്ള ഗവേഷണകേന്ദ്രങ്ങൾക്ക് യു.ജി.സി നൽകുന്ന സ്കോളർഷിപ് അടക്കമുള്ള ഫണ്ടുകളാണ് മാർച്ച് 31ഒാടെ നിർത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിൽനിന്ന് നോട്ടീസ് ലഭിച്ചതായി യു.ജി.സി അണ്ടർ സെക്രട്ടറി സുഷമ റാത്തോർ വ്യക്തമാക്കി. അതേസമയം, വേദപഠനങ്ങൾക്കടക്കം യു.ജി.സി നൽകുന്ന ഫണ്ട് തുടരും.
യു.പി.എ സർക്കാർ 11ാം പഞ്ചവത്സര പദ്ധതിയിലാണ് 35 കേന്ദ്ര^ സംസ്ഥാന സർവകലാശാലകൾക്ക് കീഴിൽ ‘സോഷ്യൽ എക്സ്ക്ലൂസിവ് ആൻഡ് ഇൻക്ലൂസിവ്’ പോലുള്ള വകുപ്പുകൾ ആരംഭിച്ചത്. 12ാം പഞ്ചവത്സര പദ്ധതിയിലും ഫണ്ടിങ് തുടർന്നു. എന്നാൽ, 12ാം പഞ്ചവത്സര പദ്ധതി മാർച്ച് 31ന് അവസാനിക്കുന്നതോടെ സഹായം തുടരരുതെന്നാണ് സർക്കാർ നിർദേശം.
യു.ജി.സിയുടെ സർക്കുലർ ലഭിച്ചതായും മാർച്ച്് 31ഒാടെ സോഷ്യൽ എക്സ്ക്ലൂസിവ് ആൻഡ് ഇൻക്ലൂസിവ് അധ്യാപകരുടെ കാലാവധി തീരുമെന്നും അവരെ മറ്റു വകുപ്പുകളിലേക്ക് മാറ്റുമെന്നും ജെ.എൻ.യു രജിസ്ട്രാറും വ്യക്തമാക്കി. കാമ്പസുകളിൽ ദലിത്^ ന്യൂനപക്ഷ പ്രവർത്തനം സജീവമായതാണ് ഫണ്ടിങ് നിർത്തലാക്കാൻ സർക്കാറിനെ പ്രേരിപ്പിക്കുന്നതെന്ന് ദലിത് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടി.
സംഘ്പരിവാർ സംഘടനകൾ ഇത്തരം കോഴ്സുകൾക്കെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.