സംസ്​ഥാനങ്ങൾക്ക്​ കേന്ദ്രം നൽകിയ വെൻറിലേറ്ററുകളുടെ പ്രവർത്തനം ഓഡിറ്റ് ചെയ്യണം -മോദി

ന്യൂഡൽഹി: രാജ്യത്തെ കോവിഡ്​ സ്​ഥിതിഗതികൾ അവലോകനം ​ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. പരിശോധന വർധിപ്പിക്കുകയും ആരോഗ്യസംരക്ഷണ സൗകര്യങ്ങളിലും ഗ്രാമീണ മേഖലയിലെ ഓക്സിജൻ വിതരണത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന്​ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ചില സംസ്​ഥാനങ്ങളിൽ വെൻറിലേറ്ററുകൾ ഉപയോഗ്യശൂന്യമായി കിടക്കുകയാണെന്ന റിപ്പോർട്ട്​ വന്നിട്ടുണ്ട്​. സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകുന്ന വെൻറിലേറ്ററുകൾ സ്​ഥാപിക്കുന്നതും അവ പ്രവർത്തിപ്പിക്കുന്നതും സംബന്ധിച്ച്​ അടിയന്തര ഓഡിറ്റ് നടത്തണമെന്നും മോദി പറഞ്ഞു. ആവശ്യമെങ്കിൽ ഇവ പ്രവർത്തിപ്പിക്കാനുള്ള പരിശീലനം ആരോഗ്യ പ്രവർത്തകർക്ക് നൽകണം.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങളിൽ പ്രാദേശികവൽക്കരിച്ച കണ്ടെയ്​ൻമെൻറ്​ സോണുകളാണ്​ ആവശ്യം. കോവിഡി​െൻറ രണ്ടാം തരംഗം ഗ്രാമപ്രദേശങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്​. ഇവിടങ്ങളിൽ ഓക്സിജൻ ഉറപ്പുവരുത്താൻ വിതരണ പദ്ധതി ആവിഷ്‌കരിക്കണമെന്നും പ്രധാനമന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി.

വീടുതോറുമുള്ള പരിശോധനയും ആരോഗ്യ വിഭവങ്ങളുടെ നിരീക്ഷണവും ശക്​തമാക്കണം. മാർച്ച് തുടക്കത്തിൽ ആഴ്ചയിൽ 50 ലക്ഷം ടെസ്റ്റുകളിൽനിന്ന് ഇപ്പോൾ 1.3 കോടിയായി പരിശോധന അതിവേഗം ഉയർന്നിട്ടുണ്ട്​.

അതേസമയം, തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന്​ കരുതി കോവിഡ്​ കണക്കുകൾ തെറ്റായി സംസ്​ഥാനങ്ങൾ റിപ്പോർട്ട്​ ചെയ്യരുത്​. വാക്സിനേഷൻ വേഗത്തിലാക്കാൻ സംസ്ഥാനങ്ങൾ ഉദ്യോഗസ്ഥരുമായി ചേർന്ന് പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Tags:    
News Summary - Center should audit ventilators: Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.