ന്യുഡൽഹി: ഉന്നാവ് ബലാത്സംഗ കേസിൽ ബി.ജെ.പി എം.എൽ.എ കുൽദീപ് സെൻഗറുടെ ജീവപര്യന്തം വെട്ടിക്കുറക്കാനുള്ള കോടതി തീരുമാനത്തിനെതിരെ സി.ബി.ഐ സുപ്രീം കോടതിയിൽ സ്പെഷൽ ലീവ് പെറ്റീഷൻ നൽകും. പീഡനത്തിലെ ഇര പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെയും സന്ദർശിച്ച ശേഷമാണ് സി.ബി.ഐ തീരുമാനം.
ഉന്നാവ് കേസിൽ ഡൽഹി ഹൈകോടതി ഡിവിഷൻ ബഞ്ചിന്റെ തീരുമാനം സി.ബി.ഐ പരിശോധിച്ചു. സെൻഗറിന്റെ തടവ് വെട്ടിക്കുറക്കാനുള്ള തീരുമാനത്തിൽ എത്രയും വേഗം സുപ്രീം കോടതിയെ സമീപിക്കുള്ള നീക്കത്തിലാണ് സി.ബി.ഐ എന്ന് സി.ബി.ഐ വക്താവ് ഡൽഹിയിൽ പറഞ്ഞു.
കേസിലെ ഇരയും അപ്പീൽ നൽകിയിരുന്നു. ജാമ്യാപേക്ഷയെ സി.ബി.ഐ നിശിതമായി എതിർത്തിരുന്നതായും അദ്ദേഹം പറഞ്ഞു. സി.ബി.ഐ സമയാസമയങ്ങളിൽ കോടതിയിൽ മറുപടി നൽകിയിരുന്നു. ഇരയുടെ സുരക്ഷക്ക് ഭീഷണിയാണെന്നു കാട്ടി ഇവരും ശക്തമായി വാദിച്ചിരുന്നു. എന്നാൽ എത്രയും വേഗം സി.ബി.ഐ കോടതിയിൽ തീരുമാനത്തെ എതിർക്കുമെന്നും സി.ബി.ഐ വക്താവ് വ്യക്തമാക്കി.
കോൺഗ്രസ് നേതാക്കളെ കണ്ട കുടുംബം മുതിർന്ന അഭിഭാഷകന്റെ സേവനവും കേസ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തിലേക്ക് മാറ്റണമെന്നുള്ള ആവശ്യവും ഉന്നയിച്ചു.
കോടതിയിൽ വിധി കേട്ട താൻ തകർന്നുപോയെന്നും ആത്മത്യ ചെയ്യണമെന്നാണ് തോന്നിയതെന്നും എന്നാൽ തന്നോടൊപ്പം നിന്ന മക്കളെയും കുടുംബാംഗങ്ങളെയും ഓർത്താണ് അത് ചെയ്യാതിരുന്നതെന്നും ഇര പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
‘തെരുവിൽ നിന്ന് നായ്ക്കളെ നീക്കണമെന്ന് രാജ്യത്തെ പരമോന്നത കോടതി പറയുന്നു. ഇത് ബലാത്സംഗത്തിന്റെ ഇരയാണ്. ഇതിൽ ഏതാണ് യഥാർത്ഥ ഇര. സ്ത്രീകളെയും തെരുവിൽ നിന്ന് മാറ്റിയാൽ അവർക്കും സവസ്ഥമായി ജീവിക്കാം’-ഇര ആത്മരോഷത്തോടെ പറയുന്നു.
കോടതിയുടെ ജാമ്യ ഉത്തരവിനെതിരെ ഇന്ത്യാ ഗേറ്റിൽ അമ്മയോടൊപ്പം പ്രതിഷേധിച്ച തന്നെ നീക്കം ചെയ്ത പൊലീസിനെതിരെയും അവർ പ്രതികരിച്ചു. ‘ബലാത്സംഗം ചെയ്യാൻ അനുമതി. കുറ്റവാളിക്ക് ജാമ്യത്തിന് അനുമതി. എന്നാൽ പ്രതിഷേധത്തിന് അനുമതിയില്ല. രാജ്യത്തിന്റെ പ്രസിഡന്റ് വനിതയാണ്. ഡൽഹി മുഖ്യമന്ത്രി വനിതയാണ്’-താൻ നീതിക്കായി പെരുതുക തന്നെ ചെയ്യുമെന്നും അവർ പറഞ്ഞു.
2019ലാണ് സെൻഗറെ കോടതി ജീവപര്യന്തം ശിക്ഷിച്ചത്. സി.ബി.ഐ ആയിരുന്നു കേസ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.