കോപം ശമിച്ചു; കോടതി തണുത്തു

ന്യൂഡല്‍ഹി: കോടതിയുടെ കോപത്തിനിരയാകേണ്ടിവരുമെന്ന മുന്നറിയിപ്പിനു മുന്നില്‍ കര്‍ണാടക വഴങ്ങിയതോടെ സുപ്രീംകോടതി തണുത്തു. തമിഴ്നാടിന് വെള്ളം നല്‍കാന്‍ കര്‍ണാടക സന്നദ്ധമായി.
 ഇതുവരെ നല്‍കിയ 6000 ഘന അടി വെള്ളത്തിന് പകരം കേസ് വീണ്ടും പരിഗണിക്കുന്നതുവരെയുള്ള 12 ദിവസം താല്‍ക്കാലിക സംവിധാനമെന്ന നിലയില്‍ 2000 ഘന അടി വെള്ളം പ്രതിദിനം നല്‍കിയാല്‍ മതിയെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
കാവേരി പരിപാലന ബോര്‍ഡുണ്ടാക്കാനുള്ള ഉത്തരവ് മാറ്റിയതിലും വെള്ളത്തിന്‍െറ അളവ് കുറച്ചതിലും തമിഴ്നാട് പ്രതിഷേധിക്കുകയും ചെയ്തു.
ഈ മാസം ആറുവരെ കൊടുക്കാന്‍ ഉത്തരവിട്ട വെള്ളം കൊടുക്കാമെന്നും അതിനുശേഷം കൊടുക്കാന്‍ കഴിയില്ളെന്നും കര്‍ണാടക വാദിച്ചു.
എന്നാല്‍, ഇടക്കാല നടപടിയെന്ന നിലയില്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് സുപ്രീംകോടതി ചോദിച്ചപ്പോള്‍ 1500 ഘന അടി നല്‍കാമെന്നായിരുന്നു കര്‍ണാടകയുടെ മറുപടി. ഇത് 2000 ഘന അടിയാക്കി സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
ഇതുവരെ തമിഴ്നാടിന് കിട്ടിയിരുന്നത് പ്രതിദിനം 6000 ഘന അടി വെള്ളമായിരുന്നു.
കര്‍ണാടക വെള്ളം വിട്ടുകൊടുത്തതിനാല്‍ കര്‍ണാടകയുടെ അഭിഭാഷക സ്ഥാനം ഒഴിയാനുള്ള തന്‍െറ തീരുമാനം പിന്‍വലിച്ചുവെന്ന് മുതിര്‍ന്ന അഭിഭാഷകനായ ഫാലി എസ്. നരിമാന്‍ ബോധിപ്പിച്ചു. അക്കാര്യം കോടതി അംഗീകരിച്ചു.
തമിഴ്നാടിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശേഖര്‍ നാഫഡെ സുപ്രീംകോടതിയുടെ സമീപനത്തിനെതിരെ കടുത്ത വിമര്‍ശം നടത്തി.
തങ്ങളുടെ അഭിപ്രായം മാനിക്കാതെ കര്‍ണാടകയോട് സുപ്രീംകോടതി മൃദുസമീപനം കൈക്കൊള്ളുകയാണെന്ന് നാഫഡെ കുറ്റപ്പെടുത്തി. കര്‍ണാടക മുഖ്യമന്ത്രിക്ക് കോടതിയെ ധിക്കരിക്കാമെന്നും എന്നാല്‍ ഒരു സാധാരണക്കാരന്‍ ആയിരുന്നെങ്കില്‍ സുപ്രീംകോടതി ജയിലിലടച്ചേനെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Tags:    
News Summary - cauvery suprem court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.