ന്യൂഡൽഹി: പ്രതിപക്ഷം തീർത്ത ശക്തമായ സമ്മർദത്തിനൊടുവിൽ നരേന്ദ്ര മോദി സർക്കാർ ജാതി സെൻസസ് നടത്താൻ തീരുമാനിച്ചു. നടക്കാനിരിക്കുന്ന സെൻസസിൽ ജാതി തിരിച്ചുള്ള കണക്കെടുപ്പും ഉൾപ്പെടുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന രാഷ്ട്രീയ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി തീരുമാനിച്ചു.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ജാതി സെൻസസിന് ആവശ്യമുന്നയിച്ചപ്പോൾ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണെന്ന് പറഞ്ഞ് പ്രധാനമന്ത്രിയും കേന്ദ്ര സർക്കാറും ശക്തമായി എതിർത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് പൊടുന്നനെയുള്ള ചുവടുമാറ്റം. ജാതി സെൻസസ് ഏറ്റവും വലിയ വിഷയമായി മാറുകയും സംസ്ഥാന സർക്കാർ സ്വന്തം നിലക്ക് ജാതി സർവേ നടത്തുകയും ചെയ്ത ബിഹാറിൽ തെരഞ്ഞെടുപ്പിന് ആറ് മാസം മാത്രം ബാക്കിനിൽക്കെയാണ് കേന്ദ്രം നയം മാറ്റുന്നത്. ബിഹാറിന് പിറകെ ജാതി സർവേ നടത്തിയ തെലങ്കാനയിൽ സംവരണ പരിധി ഉയർത്തിയും സ്വകാര്യമേഖലയിൽ സംവരണം നടപ്പാക്കിയും കോൺഗ്രസ് സൃഷ്ടിച്ച സമ്മർദം ബി.ജെ.പിയെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. മന്ത്രിസഭാ സമിതി നിർണായക തീരുമാനമെടുക്കും മുമ്പ് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതുമായി നരേന്ദ്ര മോദി ചർച്ച നടത്തുകയും ചെയ്തു.
ഇന്ത്യൻ ജനതയിൽ 75 ശതമാനത്തിലധികംവരുന്ന പിന്നാക്ക വിഭാഗങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ് ജാതി സെൻസസ് നടപ്പാക്കുകയെന്നത്. ഏതൊക്കെയാണ് ജാതികൾ, വിവിധ ജാതികളുടെ സാമൂഹിക-സാമ്പത്തിക- തൊഴിൽ- വിദ്യാഭ്യാസ അവസ്ഥകൾ എന്തൊക്കെയാണ്, ഭരണകൂടത്തിന്റെ കൈകൾ എത്താത്തത് എവിടെ, വിഭവങ്ങളുടെ വിതരണം ഏതുനിലക്കാണ് നടക്കുന്നത് എന്നിങ്ങനെ ഒട്ടനവധി ചോദ്യങ്ങൾക്ക് സൂക്ഷ്മമായ ഉത്തരം നൽകാൻ ജാതി സെൻസസിന് സാധിക്കുമെന്ന് ഇതിനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
ന്യൂഡൽഹി: ജാതി സെൻസസ് സുതാര്യമായ രീതിയിൽ നടത്തുമെന്ന് അറിയിച്ച കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് ഇതിനെ പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയ ആയുധമാക്കിയെന്ന് കുറ്റപ്പെടുത്തി. ഭരണഘടന പ്രകാരം സെൻസസ് കേന്ദ്രത്തിന്റെ മാത്രം അധികാരപരിധിയിൽ വരുന്ന വിഷയമാണ്. ചില സംസ്ഥാന സർക്കാറുകൾ നടത്തിയത് ജാതി സർവേകളാണ്. ജാതി സർവേയിലൂടെ ജാതി തിരിച്ച കണക്കെടുപ്പ് ചില സംസ്ഥാനങ്ങൾ നന്നായി നടത്തിയപ്പോൾ മറ്റു ചില സംസ്ഥാനങ്ങൾ കേവലം രാഷ്ട്രീയ കാഴ്ചപ്പാടിൽ സുതാര്യമല്ലാതെയാണ് കാര്യങ്ങൾ ചെയ്തത്. ഇത്തരത്തിലുള്ള എല്ലാ ഘടകങ്ങളും കണക്കിലെടുത്താണ് മന്ത്രിസഭാ സമിതി ജാതി സെൻസസിന് തീരുമാനിച്ചത്. ജാതി സെൻസസിന്റെ രാഷ്ട്രീയം കൊണ്ട് നമ്മുടെ സാമൂഹിക ചട്ടക്കൂട്ട് തകരാതിരിക്കാനാണ് സുതാര്യമായ ജാതി കണക്കെടുപ്പ് വരാനിരിക്കുന്ന സെൻസസിനൊപ്പം നടത്തണമെന്ന് തീരുമാനിച്ചതെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.