ന്യൂഡൽഹി: കാശിയിൽ ബുൾഡോസറുകൾ ഇറക്കി ക്ഷേത്രങ്ങൾ തകർത്തുവെന്ന് കോൺഗ്രസ് ദേശീയ തലത്തിൽ ചർച്ചയാക്കിയതിന് പിന്നാലെ വാരാണസിയിലെ വികസന പ്രവർത്തനങ്ങൾക്കെതിരെ കോൺഗ്രസ് വ്യാജപ്രചാരണം നടത്തുകയാണെന്ന പ്രത്യാരോപണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തുവന്നു. ഇതിന് പുറമെ വാരാണസിയിലെ മണികർണിക ഘട്ടിലെ ക്ഷേത്ര നശീകരണം സംബന്ധിച്ച് വ്യാജം പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്, ബിഹാറിൽ നിന്നുള്ള ലോക്സഭാ എം.പി പപ്പു യാദവ്, കോൺഗ്രസ് നേതാവ് ജസ്വിന്ദർ കൗർ എന്നിവരടക്കം എട്ടുപേർക്കെതിരെ യു.പി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കാശിയിലെ ക്ഷേത്ര ധ്വംസനം സംബന്ധിച്ച് എ.ഐ ഉപയോഗിച്ചുണ്ടാക്കിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രദർശിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നാരോപിച്ചാണ് രണ്ട് എം.പിമാർ അടക്കം എട്ടുപേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
ഹിന്ദുമതാചാര പ്രകാരം മോക്ഷം കിട്ടാനായി ദഹിപ്പിക്കുന്ന ഏറ്റവും പുരാതനവും പാവനവുമായ മണികർണിക ഘട്ടിൽ യോഗി സർക്കാർ ബുൾഡോസറുകൾ ഇറക്കി നശീകരണ പ്രവർത്തനങ്ങൾ നടത്തിയെന്ന് ഉത്തർപ്രദേശ് സംസ്ഥാന കോൺഗ്രസ് പ്രസിഡന്റും വാരാണസി ലോക്സഭാ മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ സ്ഥാനാർഥിയുമായിരുന്ന അജയ് റായ് ന്യൂഡൽഹി എ.ഐ.സി.സി ആസ്ഥാനത്ത് വാർത്തസമ്മേളനം വിളിച്ചറിയിച്ചതോടെയാണ് ദേശീയതലത്തിൽ വിവാദമായി മാറിയത്. യോഗി - മോദി സർക്കാറുകൾ നിരീശ്വരവാദികളാണെന്നും അതുകൊണ്ടാണ് കാശിയിൽ നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും അജയ് റായ് ആരോപിച്ചിരുന്നു.
അതിന് മറുപടി നൽകാൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ് യോഗിയുടെ പ്രത്യാരോപണം. പഴയതും കേടുപാടു പറ്റിയതുമായ വിഗ്രഹങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് മണികർണിക ഘട്ടിലെ വികസന പദ്ധതികളെ കുറിച്ച് കോൺഗ്രസ് കള്ളം പറയുകയാണെന്നും യോഗി ആരോപിച്ചു. മണികർണിക ഘട്ടിലെ സൗന്ദര്യവത്കരണവുമായി ബന്ധപ്പെട്ട് കെട്ടിച്ചമച്ച കാര്യങ്ങൾ പ്രചരിപ്പിച്ചതിന് ഭാരതീയ ന്യായസംഹിത പ്രകാരം എട്ടു കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ ഗൗരവ് ബൻസൽ പറഞ്ഞു. മണികർണിക ഘട്ടിനെ കുറിച്ചുള്ള വിഡിയോ വസ്തുതകൾ വളച്ചൊടിച്ചതും എ.ഐ നിർമിതവുമാണെന്ന് അസിസ്റ്റന്റ് കമീഷണർ അതുൽ അഞ്ജനും ആരോപിച്ചു.
കാശിയിൽ ക്ഷേത്രങ്ങൾ തകർത്തുവെന്നും അഹല്യാ ഭായ് ഹോക്കറിന്റെ പ്രതിമ തകർന്നുവെന്നും ഇതിനെതിരെ സന്യാസിമാരും മറ്റുള്ളവരും രംഗത്തുവന്നിട്ടുണ്ടെന്നും സഞ്ജയ് സിങ് പറഞ്ഞു. ഇക്കാര്യം പറഞ്ഞതിന് അറസ്റ്റ് ചെയ്ത് പേടിപ്പിക്കാൻ നോക്കേണ്ടെന്ന് സഞ്ജയ് സിങ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.