മുംബൈ: പരിസ്ഥിതി മലിനീകരണം കുറക്കാൻ ഡീസൽ പൂർണമായും ഒഴിവാക്കി ഇലക്ട്രിക് എഞ്ചിനുകളിലേക്ക് മാറാൻ ഒരുങ്ങി റെയിൽവേ. അവശേഷിക്കുന്ന 2500 ഓളം ഡീസൽ ലോക്കോമോട്ടിവുകൾ കൂടി സർവിസിൽനിന്ന് ഒഴിവാക്കാനാണ് പദ്ധതി.
രാജ്യത്ത് 70,117 റൂട്ട് കിലോമീറ്ററിൽ വൈദ്യുതീകരിക്കാൻ ഇനി വെറും 405 റൂട്ട് കിലോമീറ്റർ മാത്രം ബാക്കിനിൽക്കെയാണ് റെയിൽവേ പുതിയ പദ്ധതി ആലോചിക്കുന്നത്. നിലവിൽ ദീർഘദൂര ചരക്ക് സേവനങ്ങൾക്ക് ഇന്ത്യൻ റെയിൽവേ ഡീസൽ ലോക്കോമോട്ടീവുകളെയാണ് പൂർണമായും ആശ്രയിക്കുന്നത്. എന്നാൽ, ദീർഘദൂര യാത്രാ സർവിസുകൾ പ്രധാനമായും കേബിളുകളിൽനിന്ന് വൈദ്യുതി ഉപയോഗിക്കുന്ന ഇലക്ട്രിക് ട്രെയിനുകളിലേക്ക് മാറിയിട്ടുണ്ട്.
റെയിൽവേ യാർഡിലെ ആവശ്യങ്ങൾക്കും കോച്ചുകൾ പലയിടങ്ങളിലേക്കും മാറ്റുന്നതിനും കുറഞ്ഞ ദൂരത്തിൽ ചരക്കുകൾ കൊണ്ടുപോകുന്നതിനും ഉപയോഗിക്കുന്ന ഡീസൽ ലോക്കോമോട്ടിവുകൾ ഒഴിവാക്കുകയാണ് ആദ്യ നടപടിയെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. റെയിൽ പാത വൈദ്യുതീകരണം പൂർത്തിയാകാത്തതിനാലും ചില മേഖലകളിൽ വൈദ്യുതീകരണം ഭാഗികമായതിനാലും മാത്രമാണ് ഡീസൽ എൻജിൻ ഉപയോഗിക്കേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചില പ്രത്യേക ആവശ്യങ്ങൾക്ക് വേണ്ടി ബാറ്ററിയുള്ള എൻജിനുകളും റെയിൽവേ ഉപയോഗിക്കുന്നുണ്ട്. 700 കുതിരശക്തിയുള്ള ഡീസൽ എൻജിൻ മാറ്റി ലിഥിയം ഫെറോഫോസ്ഫേറ്റ് ബാറ്ററി വിജയകരമായി ഘടിപ്പിച്ചതായി കഴിഞ്ഞ സെപ്റ്റംബറിൽ കോൺകോഡ് കൺട്രോൾ സിസ്റ്റംസ് അറിയിച്ചിരുന്നു. ആറ് വർഷം മുമ്പാണ് ലിഥിയം അയേൺ ബാറ്ററി ഘടിപ്പിച്ച ലോക്കോമോട്ടിവുകൾ ഉപയോഗിക്കാൻ റെയിൽവേ തുടങ്ങിയത്. അത്തരം 10 റെയിൽവേ എഞ്ചിനുകൾ നിർമിക്കാൻ ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സിനെ ചുമതലപ്പെടുത്തിയിരുന്നl.
3100 കുതിരശക്തിയുള്ള ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ലോക്കോമോട്ടീവ് പ്രൊപൽഷൻ സിസ്റ്റം വികസിപ്പിക്കുന്നതായി വെള്ളിയാഴ്ച റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. നാഷനൽ തെർമൽ പവർ കോർപറേഷന് വൈദ്യുതി പ്ലാന്റിലേക്ക് കൽക്കരി എത്തിക്കാനാണ് ഈ ഹൈഡ്രജൻ എഞ്ചിനുകൾ ഉപയോഗിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.