representational image
ന്യൂഡൽഹി: അതിരൂക്ഷമായ വായു മലിനീകരണത്താൽ ഇന്ത്യ, അയൽരാജ്യങ്ങളായ നേപ്പാൾ, ഭൂട്ടാൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലായി 10 ലക്ഷം പേർക്ക് ഓരോ വർഷവും അകാല മരണം സംഭവിക്കുന്നുവെന്ന് ലോകബാങ്ക് റിപ്പോർട്ട്. ഇതുമൂലം മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 10 ശതമാനം സാാമ്പത്തിക നഷ്ടവും സംഭവിക്കുന്നുവെന്ന് ‘ഇൻഡോ - ഗംഗാ സമതല പ്രദേശങ്ങളിലും ഹിമാലയൻ പ്രദേശങ്ങളിലും ശുദ്ധവായുവിനുള്ള പരിഹാര നടപടികൾ’ എന്ന് പേരിട്ട റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
വായുമലിനീകരണത്തിന്റെ വാർഷിക ശരാശരി കണക്കിലെടുത്താൽ പി.എം 2.5 കണികകളുടെ സാന്നിധ്യത്തിൽ ഏഴ് മുതൽ 20 വരെ ഇരട്ടി വർധനവാണുള്ളതെന്നും മനുഷ്യരുടെ ആരോഗ്യത്തിനും സാമ്പത്തിക വരുമാനങ്ങൾക്കും കടുത്ത പ്രത്യാഘാതങ്ങളാണ് ഇത് വരുത്തിവെക്കുന്നതെന്നും ലോകബാങ്ക് ചുണ്ടിക്കാട്ടി. എല്ലാ അവയവങ്ങൾക്കും വായുമലിനീകരണം ഹാനിവരുത്തുന്നുണ്ട്. പാവപ്പെട്ടവർക്കാണ് കൂടുതൽ പ്രത്യാഘാതമേൽക്കുന്നത്. പ്രധാനമായും അഞ്ച് ഉറവിടങ്ങളിൽ നിന്നാണ് ഈ രാജ്യങ്ങളിൽ വായുമലിനീകരണം സംഭവിക്കുന്നത്.
ഗാർഹികാവശ്യത്തിന് പാചകത്തിനും തീകായാനും വിറക് കത്തിക്കൽ, മതിയായ മുൻകരുതലില്ലാതെ വ്യവസായികാവശ്യത്തിന് ഡീസലും പെട്രോളും അടക്കമുള്ള ഇന്ധനങ്ങൾ ഉപയോഗിക്കൽ, മോട്ടോർ വാഹനങ്ങളിൽ നിന്നുള്ള പുക, വൈക്കോൽ കത്തിക്കൽ, ഗാർഹിക, വ്യവസായിക മാലിന്യങ്ങൾ കത്തിക്കൽ എന്നിവയാണ് ഇന്ത്യ- ഗംഗാ സമതലപ്രദേശങ്ങളിൽ വായുമലിനീകരണം സംഭവിക്കുന്നതിനുള്ള പ്രധാന കാരണമായി റിപ്പോർട്ടിൽ പറയുന്നത്.
ഒരുമിച്ച് നടപ്പാക്കേണ്ട പരിഹാര നടപടികൾ
വൈദ്യുതി ഉപയോഗിച്ചുള്ള പാചകം, ഇൻഡസ്ട്രിയൽ ബോയിലറുകൾ, ഫർണസുകൾ, താപവൈദ്യുതി നിലയങ്ങൾ എന്നിവയുടെ വൈദ്യുതീകരണവും ആധുനികവത്കരണവും, മോട്ടോർ രഹിതമായ ഇലക്ട്രിക് ഗതാഗത സംവിധാനങ്ങൾ, ഇന്ധനങ്ങളുടെ ഗുണനിലവാരമുയർത്തൽ, മെച്ചപ്പെട്ട മാലിന്യശേഖരണം, കാർഷികാവശിഷ്ടങ്ങളുടെയും കന്നുകാലി അവശിഷ്ടങ്ങളുടെയും മികച്ച സംസ്കരണം, മാലിന്യങ്ങളുടെ മെച്ചപ്പെട്ട ശേഖരണവും തരംതിരിവും പുനരുപയോഗവും നിർമാർജനവും എന്നീ പരിഹാര നടപടികളാണ് റിപ്പോർട്ട് നിർദേശിക്കുന്നത്.
ഒരു മേഖല മാത്രം കേന്ദ്രീകരിച്ച് പ്രശ്നപരിഹാരം സാധ്യമല്ലെന്നും ഒരേസമയം വിവിധ മേഖലകളിലുള്ള നടപടികളാണ് വേണ്ടതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ശുദ്ധമായ പാചക ഇന്ധനം, വ്യവസായ മേഖലയിലെ സാങ്കേതിക വിദ്യ നവീകരണം, വാഹനങ്ങളുടെ ഇന്ധന നിലവാരം, കാർഷികാവശിഷ്ടങ്ങളുടെ സംസ്കരണം, ശക്തമായ മാലിന്യ നിയന്ത്രണം എന്നിവ അനിവാര്യമാണെന്നും അതിന് അനുസൃതമായ നയരൂപവത്കരണം വേണമെന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു.
രൂക്ഷമായ വായുമലിനീകരണത്തെ നേരിടാതെ നരേന്ദ്ര മോദി സർക്കാർ എത്ര നാൾ നിഷേധ നിലപാടുമായി മുന്നോട്ടുപോകുമെന്ന് കോൺഗ്രസ് ചോദിച്ചു. വായുമലിനീകരണത്താൽ ഇന്ത്യയിലും നാല് അയൽരാജ്യങ്ങളിലുമായി 10 ലക്ഷം പേർക്ക് ഓരോ വർഷവും അകാല മരണം സംഭവിക്കുന്നുവെന്ന ലോകബാങ്ക് റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെയാണ് കോൺഗ്രസ് വായുമലിനീകരണത്തിൽ മോദി സർക്കാറിന്റെ നിസ്സംഗതയെ വിമർശിച്ചത്. വായുമലിനീകരണ നിയന്ത്രണ സൂചികകളും വ്യവസ്ഥകളും വെള്ളം ചേർക്കാതെയും ഇളവ് അനുവദിക്കാതെയും കർക്കശമായും വിട്ടുവീഴ്ചയില്ലാതെയും നടപ്പാക്കണമെന്ന ആവശ്യവും കോൺഗ്രസ് ഉന്നയിച്ചു.
1981ലെ വായുമലിനീകരണ നിയന്ത്രണ - നിരോധന നിയമവും 2009ലെ ദേശീയ വായുമലിനീകരണ നിലവാര സൂചികയും പുനഃപരിശോധന നടത്തണമെന്ന് മുൻ കേന്ദ്ര പരിസ്ഥിതി വനം മന്ത്രി കൂടിയായ എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആവശ്യപ്പെട്ടു. കൂടുതൽ പ്രദേശങ്ങളെ ഉൾക്കൊള്ളിച്ചും കൂടുതൽ തുക വകയിരുത്തിയും ‘ദേശീയ ശുദ്ധ വായു’ പദ്ധതി വിപുലപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.