ന്യൂഡൽഹി: തന്റെ മകൻ സ്വയം രക്ഷിക്കാൻ രണ്ടു മണിക്കൂർ കഷ്ടപ്പെട്ടുവെന്നും ആരും സഹായിക്കാൻ എത്തിയില്ലെന്നും നോയിഡയിൽ 70 അടി താഴ്ചയുള്ള വെള്ളം നിറഞ്ഞ കുഴിയിൽ മുങ്ങിമരിച്ച ടെക്കി യുവാവിന്റെ പിതാവ് രാജ്കുമാർ മേത്ത.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ ഇടതൂർന്ന മൂടൽമഞ്ഞും കുറഞ്ഞ ദൃശ്യപരതയും കാരണം യുവരാജ് മേത്ത തന്റെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡ് വളവിന് സമീപമുള്ള വെള്ളം നിറഞ്ഞ കുഴിയിലേക്ക് വീഴുകയായിരുന്നു.
അപകടം അറിയിച്ചുകൊണ്ട് മകനിൽനിന്ന് തനിക്ക് ഒരു കോൾ ലഭിച്ചതായി പിതാവ് പറഞ്ഞു. ഏതാനും മിനിറ്റുകൾക്കുള്ളിൽ താനും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയെങ്കിലും, മകനെ പുറത്തെടുക്കാൻ അവരുടെ കയ്യിൽ ശരിയായ സംവിധാനങ്ങൾ ഇല്ലായിരുന്നുവെന്നും രാജ്കുമാർ പറഞ്ഞു.
‘അവൻ സഹായത്തിനായി നിലവിളിച്ചു. ആളുകളോട് സഹായം അഭ്യർഥിച്ചു. പക്ഷെ, ജനക്കൂട്ടത്തിൽ ഭൂരിഭാഗവും വെറുതെ നോക്കി നിൽക്കുകയായിരുന്നു. ചിലർ വിഡിയോകൾ എടുക്കുകയായിരുന്നു. എന്റെ മകൻ അവന്റെ ജീവൻ രക്ഷിക്കാൻ രണ്ട് മണിക്കൂർ കഷ്ടപ്പെട്ടു. അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും അവനെ രക്ഷിക്കാൻ കഴിഞ്ഞില്ല. അവർക്ക് മുങ്ങൽ വിദഗ്ധരുടെ സേവനം ഉണ്ടായിരുന്നില്ല. ഇതിലെല്ലാം ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ട്’ -രാജ്കുമാർ ആരോപിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്നും സുരക്ഷാ ക്രമീകരണങ്ങൾ മെച്ചപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്ഥലത്ത് ശരിയായ മുന്നറിയിപ്പ് അടയാളങ്ങളോ വെളിച്ചമോ ബാരിക്കേഡുകളോ ഇല്ലാത്തതിനാലാണ് ദാരുണമായ അപകടം സംഭവിച്ചത്. അപകടത്തിനുശേഷം വാഹനം മുങ്ങാതിരിക്കാൻ ബാലൻസ് ചെയ്യാൻ ശ്രമിച്ചുകൊണ്ട് യുവരാജ് അർധരാത്രി മുതൽ പുലർച്ചെ 2 വരെ കാറിന്റെ മേൽക്കൂരയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
ഇടതൂർന്ന മൂടൽമഞ്ഞിൽ താൻ എവിടെയാണ് കുടുങ്ങിയതെന്ന് മറ്റുള്ളവരെ അറിയിക്കാൻ അദ്ദേഹം തന്റെ ഫോണിന്റെ ഫ്ലാഷ്‌ലൈറ്റ് പോലും ഉപയോഗിച്ചു. സഹായത്തിനായി നിലവിളിച്ചുകൊണ്ടിരുന്നു. ആരും കുഴിയിലേക്ക് ഇറങ്ങാതിരുന്നപ്പോൾ, ഫ്ലിപ്കാർട്ട് ഡെലിവറി ഏജന്റായ മോനിന്ദർ അരയിൽ ഒരു കയർ കെട്ടി യുവ് രാജിനെ രക്ഷിക്കാൻ ശ്രമിച്ചു. അപ്പോഴേക്കും മരിച്ചിരുന്നു.
അഞ്ചു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ മൃതദേഹവും കാറും കുഴിയിൽ നിന്ന് പുറത്തെടുത്തത്. ബിഹാറിലെ സീതാമർഹി സ്വദേശിയായ യുവ് രാജ് ഗുഡ്ഗാവിലെ ഡൺഹംബിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ അമ്മ രണ്ട് വർഷം മുമ്പ് മരിച്ചിരുന്നു. സഹോദരി യു.കെയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.