​'ജാമ്യമാണ് നീതി ,കുറ്റം തെളിയും വരെ എല്ലാവരും നിരപരാധികൾ'; ഉമർ ഖാലിദ് കേസിൽ പ്രതികരിച്ച് മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്

ജയ്പൂർ: ഉമർ ഖാലിദ് കേസിൽ പ്രതികരണം നടത്തി സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്. ജയ്പൂർ സാഹിത്യോത്സവത്തിൽ മാധ്യമപ്രവർത്തകൻ വീർ സങ്‍വിയുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു ഡി.വൈ.ചന്ദ്രചൂഢ്. ഒരു വിരമിച്ച ജഡ്ജിയായല്ല ഇന്ത്യയിലെ പൗരനായാണ് താൻ സംസാരിക്കുന്നതെന്ന മുഖവുരയോടെയാണ് ഉമർ ഖാലിദിന് ജാമ്യം ലഭിക്കാത്തത് സംബന്ധിച്ച കേസിൽ ചന്ദ്രചൂഢ് പ്രതികരണം നടത്തിയത്.

കോടതി കുറ്റക്കാരനാണെന്ന് വിധിക്കുന്നതിന് മുമ്പ് ജാമ്യം അവകാശമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരാൾ വിചാരണ തടവുകാരനായി അഞ്ചോ ഏഴോ വർഷങ്ങൾ കഴിഞ്ഞതിന് ശേഷം അയാളെ വെറുതെ വിട്ടാൽ നഷ്ടപ്പെട്ട സമയം അയാൾക്ക് ആര് തിരിച്ച് കൊടുക്കുമെന്ന് ചന്ദ്രചൂഢ് ചോദിച്ചു. ഒരു സീരിയൽ കൊലപാതകിക്കോ ബലാത്സം ചെയ്തയാൾക്കോ കുറ്റകൃത്യം ആവർത്തിക്കാനുള്ള സാധ്യത മുൻനിർത്തി ജാമ്യം നിഷേധിക്കാം.

വിചാരണക്ക് കൃത്യമായ ഹാജരാകാത്തയാൾക്കും അന്വേഷണവുമായി സഹകരിക്കാത്തവർക്കും ജാമ്യം നിഷേധിക്കാം. മൂന്നാമതായി തെളിവ് നശിപ്പിക്കാൻ സാധ്യതയുള്ളവർക്കും ജാമ്യം നിഷേധിക്കാം. ജാമ്യം നൽകുന്നതിന് ദേശീയ സുരക്ഷക്ക് ഭീഷണിയാണെങ്കിൽ അത് കോടതികൾ പരിശോധിക്കണം. ആർട്ടിക്കൾ 21 പ്രകാരം അതിവേഗ വിചാരണ എല്ലാവരുടേയും അവകാശമാണെന്നും ച​ന്ദ്രചൂഢ് ചൂണ്ടിക്കാട്ടി.

ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ 2020 സെപ്റ്റംബർ മുതൽ ഉമർ ഖാലിദ് ജയിലിലാണ്. ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന്, ഡിസംബർ 11ന് ഡൽഹിയിലെ കർക്കദൂമ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുതെന്നും, സാക്ഷികളെ സ്വാധീനിക്കരുതെന്നുമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം. സഹോദരിയുടെ വിവാഹ ചടങ്ങിൽ പ​ങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു ഉമർ ഖാലിദിന് ഇടക്കാല ആശ്വാസം അനുവദിച്ചത്.

Tags:    
News Summary - Ex-Chief Justice DY Chandrachud On Umar Khalid's Plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.