ന്യൂഡൽഹി: രാജ്യത്ത് അഞ്ചു വർഷത്തിനിടെ സർവകലാശാലകൾ, കോളജുകൾ തുടങ്ങി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചന പരാതികളിൽ ഉണ്ടായിരിക്കുന്നത് 118 ശതമാനം വർധന. 2019-20 അധ്യയന വർഷത്തിൽ 173 പരാതികൾ മാത്രമായിരുന്നത് 2023-24 ആകുമ്പോഴേക്ക് 378 ആയി ഉയർന്നെന്ന് യു.ജി.സി സുപ്രീംകോടതിക്കും വിദ്യാഭ്യാസ, പട്ടികജാതി-വർഗ, യുവജന ക്ഷേമത്തിനുള്ള പാർലമെന്ററി സമിതിക്കും സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
2019-20 മുതൽ 2023-24 വരെയുള്ള കാലയളവിൽ 704 സർവകലാശാലകളിലെയും 1,553 കോളജുകളിലെയും തുല്യാവസര സെല്ലുകളിൽനിന്നും പട്ടികജാതി-വർഗ സെല്ലുകളിൽനിന്നും യു.ജി.സിക്ക് 1,160 പരാതികൾ ലഭിച്ചു. ഇതിൽ 1,052 പരാതികൾ പരിഹരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
പരാതി പരിഹാര സെല്ലുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിദ്യാർഥികളിലുണ്ടായ അവബോധമാണ് കേസുകളുടെ എണ്ണത്തിൽ വർധനയുണ്ടാകാൻ കാരണമെന്നാണ് യു.ജി.സിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്. ഈ സെല്ലുകൾ പ്രതികരിക്കുന്നവയും സജീവമായി പ്രവർത്തിക്കുന്നവയുമായതിനാൽ കേസുകൾ പരിഹരിക്കപ്പെടുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.
എന്നാൽ, കേസുകൾ പരിഹരിച്ചുവെന്ന് പറയപ്പെടുന്ന കണക്കുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് ഡൽഹി സർവകലാശാല പ്രഫ. എൻ. സുകുമാറും ജെ.എൻ.യു ഫാക്കൽറ്റി അംഗവും മുൻ പട്ടികജാതി-വർഗ സെൽ അംഗവുമായ ഡി.കെ. ലോബിയാലും പറയുന്നത്.
മിക്ക പട്ടികജാതി-വർഗ സെല്ലുകളും ഭരണപരമായ നിയന്ത്രണത്തിന്കീഴിലാണ് പ്രവർത്തിക്കുന്നതെന്നും സ്വയംഭരണമുള്ളതായി കാണപ്പെടുന്നുണ്ടെങ്കിലും തീരുമാനമെടുക്കാനുള്ള അധികാരം ഇല്ലെന്നും ഇരുവരും ചൂണ്ടിക്കാട്ടുന്നു. കൂടാതെ, സെല്ലിലെ അംഗങ്ങൾ ഭരണകൂടം നാമനിർദേശം ചെയ്യുന്നവരാണെന്നും ഇതു പ്രത്യേകിച്ച് ഗുരുതരമായ കേസുകളിൽ നിഷ്പക്ഷത പരിമിതപ്പെടുത്തുന്നുവെന്നും എൻ. സുകുമാർ വ്യക്തമാക്കി.
ജാതി വിവേചനത്തിന് ഇരയായി 2016ൽ ഹൈദരാബാദ് സർവകലാശാലയിൽ ഗവേഷകനായ രോഹിത് വെമുല ആത്മഹത്യ ചെയ്തത് രാജ്യവ്യാപക പ്രതിഷേധത്തിലേക്ക് നയിച്ചതോടെയാണ് കാമ്പസുകളിലെ ജാതിവിവേചനപ്രശ്നം വാർത്തകളിൽ ഇടംപിടിച്ചത്. ഈ വിഷയം സുപ്രീംകോടതിയിൽ എത്തിയതോടെ 2012ലെ ചട്ടങ്ങൾക്ക് കീഴിലുള്ള ജാതിവിവേചന പരാതികളെക്കുറിച്ചുള്ള വിവരങ്ങൾ സമാഹരിക്കാൻ യു.ജി.സിക്ക് നിർദേശം നൽകുകയുണ്ടായി.
ഇതുപ്രകാരം 2025 ഫെബ്രുവരിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 3,522 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് പ്രതികരണം ലഭിച്ചതായി യു.ജി.സി അറിയിച്ചു. 3,067 തുല്യാവസര സെല്ലുകളും 3,273 പട്ടികജാതി-വർഗ സെല്ലുകളും സ്ഥാപിച്ചിട്ടുണ്ട്. 1,503 പരാതികൾ ലഭിച്ചു, അതിൽ 1,426 എണ്ണം പരിഹരിച്ചെന്നും യു.ജി.സി സത്യവാങ്മൂലത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.