ന്യൂഡൽഹി: ദേശീയ ദുരന്തത്തിന്‍റെ സമയത്ത് നിശബ്ദ കാഴ്ചക്കാരായി നിലകൊള്ളാനാവില്ലെന്ന് സുപ്രീംകോടതി. കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, എൽ. നാഗേശ്വരറാവു, എസ്. രവീന്ദ്രഭട്ട് എന്നിവരടങ്ങിയ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. വാക്സിനുകൾക്ക് വ്യത്യസ്ത വില ഈടാക്കുന്ന ഉൽപ്പാദകരുടെ നടപടിയിൽ ഇടപെടാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്ന് കോടതി സൂചിപ്പിച്ചു. ഹൈകോടതിയിലെ കേസുകൾക്ക് പകരമായിട്ടല്ല തങ്ങൾ സ്വമേധയാ കേസെടുത്തതെന്നും കോടതി പറഞ്ഞു.
കോവിഡ് സാഹചര്യത്തിൽ മെഡിക്കൽ ഓക്‌സിജന്‍റെയും അവശ്യ മരുന്നുകളുടെയും ലഭ്യത, വാക്‌സിൻ, ലോക്ക്ഡൗൺ എന്നിവയിൽ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാറിനോട് കോടതി നിർദേശിച്ചിരുന്നു. അതേസമയം, കോവിഡുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളിലെ ഹരജികൾ സുപ്രീംകോടതിയിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുതിർന്ന അഭിഭാഷകർ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഹൈക്കോടതികൾക്ക് സഹായകരമായ ഇടപെടലാണ് സുപ്രീംകോടതി നടത്തുകയെന്ന് ബെഞ്ച് ഇന്ന് വ്യക്തമാക്കി. ഹൈക്കോടതികൾക്ക് ഇടപെടാൻ പ്രയാസമുള്ള വിഷയങ്ങളിൽ സഹായിക്കും. എന്നാൽ, ദേശീയ ദുരന്ത സമയത്ത് നിശബ്ദമായി നിൽക്കാൻ കഴിയില്ല.
സ്വമേധയാ സ്വീകരിച്ച കേസിൽ അമിക്കസ് ക്യൂറിയായി മുതിർന്ന അഭിഭാഷകരായ ജയ്ദീപ് ഗുപ്ത, മീനാക്ഷി അറോറ എന്നിവരെ നിയോഗിച്ചു. നേരത്തെ, ഹരീഷ് സാൽവെയെ അമിക്കസ് ക്യൂറിയായി നിയമിച്ചെങ്കിലും അദ്ദേഹം പിന്മാറിയിരുന്നു.
വ്യത്യസ്ത വാക്സിനുകൾക്ക് വ്യത്യസ്ത വില ഈടാക്കുന്ന കാര്യത്തിൽ കേന്ദ്രത്തോട് കോടതി ചോദ്യമുയർത്തി. പേറ്റന്‍റ് നിയമത്തിലെ ആറാം വകുപ്പ് പ്രകാരം കേന്ദ്രത്തിന് അധികാരമുണ്ട്. ഇതൊരു മഹാമാരിയും ദേശീയ ദുരന്തവുമാണെന്നും കോടതി സർക്കാറിനെ ഓർമിപ്പിച്ചു. വാക്സിന്‍റെ വില നിർണയത്തിൽ നിലപാട് അറിയിക്കാൻ കോടതി നിർദേശിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.