ശ്രീനഗർ: ഇന്ത്യ-പാക് വെടിനിർത്തൽ നിലവിൽ വന്നതോടെ ഏറെ നാളത്തെ ഇടവേളക്ക് ശേഷം ജമ്മുവിൽ വെടിയൊച്ചകളും സ്ഫോടന ശബ്ദങ്ങളുമില്ലാത്ത രാത്രിയായിരുന്നു ഇന്നലെ. ജമ്മുവിലും സമീപ മേഖലകളിലും സ്ഥിതി ശാന്തമായതായാണ് റിപ്പോർട്ടുകൾ.
ശനിയാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷവും പലയിടത്തും ആക്രമണമുണ്ടായിരുന്നു. എന്നാൽ, ഇന്നലെ ജമ്മു മേഖലയിൽ രാത്രി പാക് പ്രകോപനം ഉണ്ടായില്ലെന്ന് സേന വൃത്തങ്ങൾ വ്യക്തമാക്കി. ശനിയാഴ്ച രാത്രി 11ന് ശേഷം നിയന്ത്രണരേഖയിൽ വെടിനിർത്തൽ ലംഘനമൊന്നുമുണ്ടായില്ല.
ഇന്നത്തെ ഡി.ജി.എം.ഒ തല ചർച്ചകൾ നിർണായകമാണ്. ഏത് തരത്തിലുള്ള വെല്ലുവിളികളേയും നേരിടാൻ തയാറെന്ന് കര വ്യോമ സേനകളും അറിയിച്ചിട്ടുണ്ട്. അതിർത്തി മേഖലകളിലെ സുരക്ഷ വിലയിരുത്താൻ ജമ്മുകശ്മീരിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും.
അതിർത്തി മേഖലകളിൽനിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയവർ സാഹചര്യം വിലയിരുത്തി ഏതാനും ദിവസംകൂടി കഴിഞ്ഞ് തിരിച്ചെത്തിയാൽ മതിയെന്ന നിലപാടിലാണ്. വെടിനിർത്തൽ പ്രഖ്യാപനം വന്നശേഷവും ഡ്രോണുകളും റോക്കറ്റുകളും പറക്കുന്നത് കണ്ടുവെന്ന് ഉറി സ്വദേശിയായ അബ്ദുൽ അസീസ് പറഞ്ഞു. വെടിനിർത്തൽ ശാശ്വതമാകട്ടെയെന്നാണ് പ്രാർഥന. എന്നാലും രണ്ട് ദിവസംകൂടി കാത്തിരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാക് ഷെല്ലാക്രമണത്തെത്തുടർന്ന് അതിർത്തി പ്രദേശങ്ങളിൽനിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് ഒഴിപ്പിച്ചവർ തിരക്കിട്ട് തിരിച്ചെത്തരുതെന്ന് അധികൃതർ ആവശ്യപ്പെട്ടു. പൊട്ടാതെ അവശേഷിക്കുന്ന ഷെല്ലുകൾ നീക്കംചെയ്യാൻ ഏതാനും ദിവസംകൂടി വേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി. ബാരാമുള്ള, ബന്ദിപ്പോര, കുപ് വാര ജില്ലകളിലെ നിയന്ത്രണരേഖയോട് ചേർന്ന പ്രദേശങ്ങളിൽനിന്ന് 1.25 ലക്ഷത്തിധകം ജനങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.