കൊൽക്കത്ത: ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ യോഗി ആദിത്യനാഥ് ബ്രാൻഡ് ‘ബുൾഡോസർ രാജ്’ രാഷ്ട്രീയം പശ്ചിമബംഗാളിലേക്കും. സംസ്ഥാനത്ത് എവിടെയൊക്കെ നിയമവിരുദ്ധ നിർമാണങ്ങളോ കൈയേറ്റങ്ങളോ നടക്കുന്നുവോ അവിടെയെല്ലാം ബുൾഡോസർ നടപടിയുണ്ടാകുമെന്ന് ബി.ജെ.പി നേതാവും മന്ത്രിയുമായ ദിലീപ് ഘോഷ് മുന്നറിയിപ്പ് നൽകി. ഖരഗ്പൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
നിയമം പാലിക്കണമെന്നും അല്ലെങ്കിൽ നടപടി നേരിടണമെന്നും ജനങ്ങളോട് അദ്ദേഹം പറഞ്ഞു. ‘രാജ്യത്തുടനീളം ബുൾഡോസർ നടപടികൾ ഉണ്ടാകും. എവിടെയൊക്കെ നിയമവിരുദ്ധ നിർമാണങ്ങളോ കൈയേറ്റങ്ങളോ നടക്കുന്നുവോ അവിടെയെല്ലാം ബുൾഡോസറുകൾ ഉപയോഗിക്കും. പശ്ചിമ ബംഗാളിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്ന ആദ്യ ദിവസം മുതൽ തന്നെ ഈ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരോട് അഭ്യർഥിക്കാനുള്ളത് നിയമം പാലിക്കാനാണ്. സർക്കാർ നിങ്ങളെ പൂർണമായി പിന്തുണക്കും. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർ സ്വന്തം നിലക്ക് ഒഴിഞ്ഞുപോകണം. അതുവഴി അവർക്കോ ഞങ്ങൾക്കോ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരില്ല. സർക്കാർ ഭൂമി കൈയേറുന്നത് ഒരു സാഹചര്യത്തിലും അനുവദിക്കില്ല’- ദിലീപ് ഘോഷ് പറഞ്ഞു. ഹൗറ റെയിൽവേ സ്റ്റേഷന് സമീപത്തെ കെട്ടിടങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനം പൊളിച്ചുമാറ്റിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് മന്ത്രിയുടെ പ്രതികരണം.
മേയ് 12നുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചതിന് പിന്നാലെ കൊൽക്കത്ത മുനിസിപ്പൽ കോർപറേഷൻ തുകൽ ഫാക്ടറി സ്ഥിതിചെയ്യുന്ന ഒരു കെട്ടിടം പൊളിച്ചു നീക്കിയിരുന്നു. നടപടിയെ ന്യായീകരിച്ച് മന്ത്രി അഗ്നിമിത്ര പോളും രംഗത്തെത്തിയിരുന്നു. ‘നിയമവിരുദ്ധമായ നിർമാണം നടന്നിട്ടുണ്ടെങ്കിൽ, ഞങ്ങൾ ഒരു നോട്ടീസ് അയക്കും. എന്നാൽ കെട്ടിടത്തിന്റെ നിയമസാധുത തെളിയിക്കുന്ന രേഖകളൊന്നും നിങ്ങളുടെ പക്കലില്ലെങ്കിൽ ഞങ്ങൾ നിങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കില്ല’ എന്നായിരുന്നു അവരുടെ പ്രതികരണം.
ബി.ജെ.പി സർക്കാർ രൂപീകരിക്കുന്നതിന് മുമ്പുതന്നെ സംസ്ഥാനത്ത് ബുൾഡോസർ രാജ് ആരംഭിച്ചിരുന്നു. മേയ് ആറിന് ഹോഗ് മാർക്കറ്റിന് സമീപത്തെ തൃണമൂൽ കോൺഗ്രസിന്റെ ഓഫിസ് ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. കെട്ടിടം പൊളിച്ചത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. 2017ൽ യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായതിനുശേഷമാണ് ‘ബുൾഡോസർ രാഷ്ട്രീയം’ രാജ്യത്ത് അരങ്ങേറി തുടങ്ങിയത്. യു.പിക്ക് പിന്നാലെ, ബി.ജെ.പി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങൾ സമാനമായ നടപടികൾ സ്വീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.