ന്യൂഡൽഹി: ഗോത്രവർഗക്കാരന്റെ മുഖത്ത് മൂത്രമൊഴിച്ച ബി.ജെ.പി പ്രവർത്തകന്റെ വീടിന്റെ അനധികൃതമായി നിർമിച്ച ഭാഗങ്ങൾ പൊളിച്ചു നീക്കി. പർവേശ് ശുക്ല അറസ്റ്റിലായതിന് പിന്നാലെയാണ് മധ്യപ്രദേശ് സർക്കാർ കെട്ടിടം പൊളിച്ചുനീക്കിയത്. പർവേശ് ആദിവാസി യുവാവിന്റെ ശരീരത്തിൽ മൂത്രമൊഴിക്കുന്ന വിഡിയോ പുറത്ത് വന്നതിന് പിന്നാലെ ഇയാൾക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.
ബുധനാഴ്ച നിരവധി പൊലീസ് ഉദ്യോഗസ്ഥരെത്തി പർവേശിന്റെ വീട്ടിൽ അനധികൃതമായി നിർമിച്ച ഭാഗങ്ങൾ പൊളിച്ചു നീക്കുകയായിരുന്നു. മധ്യപ്രദേശിലെ സിധി ജില്ലയിലായണ് കഴിഞ്ഞ ദിവസം സംഭവമുണ്ടായത്. ബി.ജെ.പി എം.എൽ.എ കേദാർനാഥ് ശുക്ലയുടെ അടുത്ത സഹായിയായ പർവേശ് ശുക്ല സിഗരറ്റ് വലിച്ചുകൊണ്ട് തെരുവിലിരിക്കുന്ന ഗോത്രവർഗക്കാരന്റെ തലയിലും മുഖത്തും മൂത്രമൊഴിക്കുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തതോടെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ സംഭവത്തിൽ ഇടപെട്ടിരുന്നു. കർശന നടപടി സ്വീകരിക്കാനും ദേശീയ സുരക്ഷ നിയമം അടക്കം ചുമത്താനും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.