സുശാന്ത് സിങ്ങിന്‍റെ മരണം; റിയ ചക്രവർത്തിക്കെതിരെയുള്ള ലുക്ക് ഔട്ട് സർക്കുലർ റദ്ദാക്കി

മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണത്തിൽ റിയ ചക്രവർത്തിക്കും സഹോദരനും പിതാവിനുമെതിരെ പുറപ്പെടുവിച്ച ലുക്ക് ഔട്ട് സർക്കുലറുകൾ (എൽ.ഒ.സി) ബോംബെ ഹൈകോടതി റദ്ദാക്കി.

എൽ.ഒ.സിക്കെതിരെ റിയ ചക്രവർത്തി, സഹോദരൻ ഷോക്, അച്ഛൻ ഇന്ദ്രജിത്ത് എന്നിവർ സമർപ്പിച്ച ഹരജികൾ ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെയും മഞ്ജുഷ ദേശ്പാണ്ഡെയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.

സി.ബി.ഐയുടെ അഭിഭാഷകൻ ശ്രീറാം ഷിർസാത്ത് ബെഞ്ചിന്‍റെ ഉത്തരവ് നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു.

2020 ജൂണിലാണ് സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 34കാരനായ താരത്തെ ബാന്ദ്രയിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുംബൈ പൊലീസ് അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. നടന്‍റെ കാമുകി റിയ ചക്രവർത്തിയും കുടുംബാംഗങ്ങളും ആത്മഹത്യക്ക് പ്രേരിപ്പിച്ചെന്ന് ആരോപിച്ച് സുശാന്ത് സിങ് രാജ്പുത്തിന്‍റെ പിതാവ് 2020 ജൂലൈയിൽ ബിഹാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസ് പിന്നീട് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു.

Tags:    
News Summary - Bombay HC quashes Look Out Circulars issued against Rhea Chakraborty in Sushant Singh Rajput death case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.