കരൂർ ആൾക്കൂട്ട ദുരന്തത്തിന് പിന്നാലെ സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ

തമിഴ്നാട്ടി​ൽ താമരമോഹം വിടാതെ ബി.ജെ.പി, വേട്ടയാടാൻ വിട്ടുകൊടുക്കില്ലെന്ന് ടി.വി.കെ​ നേതൃത്വത്തെ അറിയിച്ച് മുതിർന്ന നേതാവ്, നിയമസഭ തെരഞ്ഞെടുപ്പിൽ നിർണായകമാവുമെന്നും കണക്കുകൂട്ടൽ

ന്യൂഡൽഹി: കരൂർ ദുരന്തത്തിന് പിന്നാലെ നടനും തമിഴക വെട്രി കഴകം (ടി.വി.കെ) സ്ഥാപകനുമായ വിജയ്‌യുമായി നീക്കുപോക്ക് ചർച്ചക്കുള്ള സാധ്യതകൾ ആരാഞ്ഞ് ബി.ജെ.പി. കരൂർ സംഭവത്തിൽ വിജയ്‌യെ വേട്ടയാടാൻ അനുവദിക്കി​ല്ലെന്ന് മുതിർന്ന ബി.ജെ.പി നേതാവ് ടി.വി.കെ നേതൃത്വത്തെ അറിയിച്ചതായി ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തു.

തമിഴ്നാട്ടിൽ ഡി.എം.കെയെ പിടിച്ചുകെട്ടുകയാണ് തങ്ങളുടേയും ലക്ഷ്യമെന്ന് ബി.ജെ.പി നേതൃത്വം ടി.വി​.കെയോട് വ്യക്തമാക്കി. നേരത്തെ, കരൂർ ദുരന്തത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മ​ന്ത്രി അമിത് ഷാ വിജയ്‌യുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും താരം തയ്യാറാവാതിരുന്നത് വാർത്തയായിരുന്നു.

കരൂർ ദുരന്തത്തിന് പിന്നാലെ ടി.വി.കെ റാലികളുടെ തുടർച്ച അനിശ്ചിതത്വത്തിലായിട്ടുണ്ട്. പൊലീസ് നടപടികളും കോടതി നടപടികളും പുരോഗമിക്കുന്നതിനിടെ വിജയ്‌യും ടി.വി.കെയും കൂടുതൽ പ്രതിരോധത്തിലുമാണ്. ഈ സാഹചര്യം മുതലെടുക്കാനാണ് ബി.ജെ.പിയുടെ ശ്രമം.

നടന്റെ ജനപിന്തുണ തങ്ങളുടെ വോട്ടാക്കി മാറ്റാനായാൽ 2026ൽ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ശക്തമായ മുന്നേറ്റം കാഴ്ചവെക്കാനാവുമെന്നാണ് ബി.ജെ.പി നേതൃത്വം കണക്കുകൂട്ടുന്നത്. കഴിഞ്ഞ ദിവസം ദുരന്തത്തിന് പിന്നാലെ, തന്നെ പിന്തുണച്ച രാഷ്ട്രീയ നേതാക്കൾക്ക് വിജയ് നന്ദി പറഞ്ഞിരുന്നു.

ബി.ജെ.പിക്ക് പുറമെ, കോൺഗ്രസും ടി.വി.കെയുമായി ബന്ധം ഊഷ്മളമാക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. കരൂർ ദുരന്തത്തിന് പിന്നാലെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിജയ്‌യുമായി ഫോണിൽ സംസാരിച്ചിരുന്നു.

തദ്ദേശീയ രാഷ്ട്രീയം നിർണായക സ്വാധീനം ചെലുത്തുന്ന തമിഴക രാഷ്ട്രീയത്തിൽ ദേശീയ പാർട്ടികൾ കണ്ണുവെക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ഡി.എം.കെക്കെതിരെ ഭരണ വിരുദ്ധ വികാരമുണ്ടെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. ടി.വി.കെ ഒപ്പമുണ്ടെങ്കിൽ ഇത് കൃത്യമായി തങ്ങൾക്കൊപ്പം എത്തിക്കാമെന്നും പാർട്ടി കണക്കാക്കുന്നു.

കരൂർ ദുരന്തത്തിൽ ടി.വി.കെയെ പ്രതിസ്ഥാനത്ത് നിർത്താൻ ഡി.എം.കെ ശ്രമിച്ചപ്പോൾ ബി.ജെ.പിയും കോൺഗ്രസും വേറിട്ട നിലപാടാണ് സ്വീകരിക്കുന്നത്. ദുരന്തത്തിന് പിന്നാലെ ബി.​ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം കരൂരിലേക്ക് പ്രതിനിധി സംഘത്തെ അയച്ചിരുന്നു. ഇതിന് പിന്നാലെ, മുഖ്യമന്ത്രി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സർക്കാറിനെ പഴിചാരുന്ന നിലപാടാണ് ബി.ജെ.പി സ്വീകരിച്ചത്. ടി.വി.കെയെ ഒറ്റക്ക് കുറ്റപ്പെടുത്താനാവില്ലെന്നും ​സർക്കാറിൻറെ ഭാഗത്ത് നിന്ന് ഗുരുതരമായ പിഴവുണ്ടായെന്നും ബി.ജെ.പി തുടരെ ആരോപിക്കുന്നതും ഈ സാഹചര്യത്തിലാണ്.

വിജയ്‌യുടെ ടി.വി.കെ വരുന്ന തെരഞ്ഞെടുപ്പിൽ നിർണായക ശക്തിയാവുമെന്നാണ് ബി.ജെ.പി കേന്ദ്രങ്ങളുടെ വിലയിരുത്തൽ. ഡി.എം.ഡി.കെ, എൻ.ടി.കെ എന്നിവയടക്കം​ ​ചെറുകിട പാർട്ടികളിൽ നിന്ന് ടി.വികെയിലേക്ക് ഒഴുക്കുണ്ടാവുമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു. അതേസമയം, എ.ഐ.എ.ഡി.എം.കെയുമായി നിലവിലുള്ള സഖ്യത്തെ അലോസരപ്പെടുത്താതെ നീക്കങ്ങളുമായി മുന്നോട്ടുപോകാനാണ് ബി.ജെ.പിയുടെ ശ്രമം.

Tags:    
News Summary - BJP Reaches Out To Vijay Days After Stampede With An Advice: Sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.