കൊൽക്കത്ത: ബംഗാളിലെ ബി.ജെ.പി എം.പിയും ബംഗാള്‍ യുവമോര്‍ച്ച പ്രസിഡന്‍റുമായ സൗമിത്ര ഖാന്‍റെ ഭാര്യ സുജാത മൊണ്ഡല്‍ ഖാൻ ബി.ജെ.പി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. കൊല്‍ത്തയില്‍ നടന്ന ചടങ്ങില്‍ തൃണമൂല്‍ നേതാവും എം.പിയുമായ സൗഗത റോയി പാര്‍ട്ടി പതാക നല്‍കി അവരെ സ്വാഗതം ചെയ്തു. ഇതിനിടെ പാര്‍ട്ടി വിട്ട സുജാതക്കെതിരെ വിവാഹ മോചന ഹരജി ഫയല്‍ ചെയ്യുമെന്ന് സൗമിത്ര ഖാൻ പറഞ്ഞു.
ബി.ജെ.പിയില്‍ സ്ത്രീകൾക്ക് ബഹുമാനം ലഭിക്കുന്നില്ലെന്നാണ് പാർട്ടി വിടുന്നതിന് കാരണമായി സുജാത ചൂണ്ടിക്കാട്ടിയത്. 'എനിക്ക് ശ്വസിക്കണം. എനിക്ക് ബഹുമാനം ലഭിക്കണം. കഴിവുള്ള ഒരു പാര്‍ട്ടിയുടെ കഴിവുറ്റ നേതാവാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വളരെ പ്രിയങ്കരിയായ ദീദിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'- സുജാത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
2014ൽ ബിഷ്്ണുപുർ മണ്ഡലത്തിൽ നിന്ന് ജയിച്ച സൗമിത്ര ഖാൻ നേരത്തേ തൃണമൂൽ നേതാവായിരുന്നു. കഴിഞ്ഞ വർഷമാണ് ബി.ജെ.പിയിൽ ചേരുന്നത്. 2019I ബിഷ്ണുപുര്‍ മണ്ഡലത്തില്‍ നിന്ന് സൗമിത്ര ഖാന്‍ വിജയിച്ചത് സുജാതയുടെ പിന്തുണ കൊണ്ടാണ്. ക്രിമിനല്‍ കേസില്‍ പ്രതിയായതിനാല്‍ തെരഞ്ഞെടുപ്പ് സമയത്ത് മണ്ഡലത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സൗമിത്ര ഖാനെ കോടതി തടഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ അഭാവത്തില്‍ സുജാതയാണ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. ബി.ജെ.പി പ്രവര്‍ത്തകയായിരുന്ന സുജാത പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടക്കം വേദി പങ്കിട്ടിട്ടുണ്ട്.
'എന്‍റെ ഭർത്താവ് പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് ഞാൻ ഒരുപാട് ത്യാഗം സഹിച്ചു. ശാരീരിക അക്രമണങ്ങൾ വരെ നേരിട്ടു. പക്ഷേ, തിരിച്ച് പാർട്ടിയിൽനിന്ന് അവഗണന മാത്രമാണ് ലഭിച്ചത്. എന്‍റെ ഭർത്താവ് ഒരിക്കൽ കാര്യങ്ങൾ തിരിച്ചറിയുമെന്നും തൃണമൂലിലേക്ക് തിരികെ വരുമെന്നുമാണ് എന്‍റെ വിശ്വാസം' -മുൻ അധ്യാപികയായ സുജാത ചൂണ്ടിക്കാട്ടി. അതേസമയം, താൻ വിവാഹമോചനത്തിന് ഹരജി ഫയൽ ചെയ്യുമെന്ന് സൗമിത്ര ഖാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 'പത്ത് വർഷത്തെ ബന്ധമാണ് രാഷ്ട്രീയം മൂലം അവസാനിക്കുന്നത്. ഞാൻ ബി.ജെ.പിക്കുവേണ്ടി കൂടുതൽ ശക്തമായി പ്രവർത്തിക്കും'- സൗമിത്ര ഖാൻ പറഞ്ഞു.
നിരവധി നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് കൂറുമാറി ബി.ജെ.പിയില്‍ ചേര്‍ന്നതിന് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ മറുപടിയാണ് സുജാതയുടെ കൂറുമാറ്റമെന്ന് കണക്കാക്കപ്പെടുന്നു. എം.എല്‍.എമാരും എം.പിമാരും ഉള്‍പ്പെടുന്ന 35 നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലേക്ക് കൂറുമാറിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ കരുത്തനായ നേതാവായിരുന്ന സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ളവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത് മമതാ ബാനര്‍ജി സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.